ഗണേശ് കുമാർ അബദ്ധത്തിൽ പറഞ്ഞത് ദൃശ്യം 3യിലെ നിർണായക ട്വിസ്റ്റ്?

ദൃശ്യം എന്ന ബ്ളോക്‌ബസ്റ്റർ ചിത്രത്തിന്റെ മൂന്നാം ഭാഗം ഏപ്രിൽ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി ഇക്കുറി അകത്താകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇതിനിടെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മന്ത്രിയും നടനുമായി ഗണേശ് കുമാർ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ദൃശ്യം 3ൽ ജോർജുകുട്ടിയെ പിടിക്കുമോയെന്ന അവതാരകന്റെ ചോദ്യത്തിന് അത് സംവിധായകൻ ജീത്തു ജോസഫിനുമാത്രം അറിയാവുന്ന കാര്യമാണെന്നായിരുന്നു ഗണേശ് കുമാറിന്റെ മറുപടി. ജോർജ് കുട്ടിയെ പിടിച്ചാൽ ദൃശ്യം 4 ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഈ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.’ഇത്തരം കാര്യങ്ങളൊന്നും ജീത്തു ജോസഫ് പറഞ്ഞുതരില്ല. നമ്മൾ അഭിനയിക്കേണ്ട ഭാഗം മാത്രമേ പറഞ്ഞുതരികയുള്ളൂ.
അഭിനയിക്കുന്ന സീനിന്റെ മുൻപും ശേഷവുമൊന്നും മനസിലാകില്ല. ഡബ്ബ് ചെയ്യാൻ പോകുമ്പോൾ ആ സീൻ മാത്രമേ കാണിക്കുകയുള്ളൂ’- ഗണേശ് കുമാർ കൂട്ടിച്ചേർത്തു. ദൃശ്യം സിനിമകളിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യുവായാണ് ഗണേശ് കുമാർ വേഷമിട്ടത്. അതേസമയം, ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമായിരിക്കും ദൃശ്യം 3 എന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. പനോരമ സ്റ്റുഡിയോസും, പെൻ സ്റ്റുഡിയോസും വേൾഡ് വൈഡ് തിയേറ്രർ റിലീസും, ഡിജിറ്റൽ റിലീസും സ്വന്തമാക്കിയിട്ടുണ്ട്.



