‘കൊലയാളിയായ നടൻ മധുവിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആവശ്യം, എന്നിട്ടും അദ്ദേഹം പ്രതികരിച്ചില്ല’; വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയിൽ പഴയകാല നായകനടൻമാരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നായകനടനാണ് മധു. സംവിധായകനായും നിർമാതാവായും അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നിരുന്നു. ഏതുകാര്യവും നർമത്തോടെ മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂവെന്ന് പല സിനിമാപ്രവർത്തകരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ മധുവിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
നുഷ്യർക്കെല്ലാം നല്ല സമയവും ചീത്ത സമയവും ഉണ്ടെന്നാണ് മധു സാർ പറയാറുള്ളത്. അതിനൊരു ഉദാഹരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മനസറിയാത്ത ഒരു പ്രശ്‌നത്തിന്റെ പേരിൽ കുറ്റാരോപിതനായി നിൽക്കേണ്ടി വന്നെന്നാണ് മധു സാർ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു പയ്യൻ പെട്ടെന്ന് അപ്രത്യക്ഷനായി. അവൻ എന്തോ അരുതാത്തത് ചെയ്‌തതുകൊണ്ട് മധുസാർ അവനെ കൊന്നു കുഴിച്ചുമൂടി എന്ന നിറം പിടിച്ച കെട്ടുകഥകൾ നാടെങ്ങും പരന്നു.പല ഉന്നതന്മാരായ രാഷ്ട്രീയ നേതാക്കളും ഇതേറ്റ് പിടിച്ചു.
മധുസാറിനെതിരെ പ്രതിഷേധിച്ചു. എത്ര വലിയ ഉന്നതനായാലും വെറുതെ വിടില്ല, ജയിലിൽ അടയ്ക്കുമെന്ന് അവർ ഘോരഘോരം പ്രസംഗിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥന്മാർ പോലും മധുസാറിനെ ഇക്കാര്യത്തിൽ സംശയമുനയിൽ നിർത്തി. തിരുവനന്തപുരം സിറ്റിയിൽ ഓടുന്ന ബസുകളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊലയാളിയായ സിനിമാ നടൻ മധുവിനെ അറസ്‌റ്റ് ചെയ്യുക, അക്കാലത്ത് യാതൊരു കുറ്റവും ചെയ്യാത്ത മധുസാറും കുടുംബവും അനുഭവിച്ച മാനസിക വ്യഥ നമ്മൾ ഊഹിക്കുന്നതിനും അപ്പുറമായിരുന്നു.
ഈ സന്ദർഭത്തിൽ മറ്റൊരു വഴിയുമില്ലാതെ മധുസാർ തന്നെ അന്വേഷണ ചുമതല ഏറ്റെടുത്തു. കാണാതായ പയ്യന്റെ വീടിന്റെ മേൽവിലാസത്തിൽ അവന്റെ അമ്മയുടെ പേരിൽ ഒരു കത്ത് വന്നു. പോസ്റ്റ്മാൻ അത് രഹസ്യമായി പരിശോധിച്ചപ്പോൾ കൊല ചെയ്യപ്പെട്ട പയ്യന്റേതായിരുന്നു. അയാളുള്ള സ്ഥലം കോഴിക്കോട്. ഉടൻ തന്നെ പോസ്റ്റ്മാൻ ആ വിവരം മധുസാറിനെ അറിയിക്കുന്നു. മധുസാർ ഉടൻ തന്നെ കോഴിക്കോടുള്ള നിർമാതാവായ കെ ടി സി ഗംഗാധരന് വിവരം ധരിപ്പിച്ച് സഹായം ചോദിക്കുന്നു.
പൊലീസ് അയാളെയും കൂട്ടി സിനിമാ തിയേറ്ററിലേക്ക് പാഞ്ഞു. ഓടിക്കൊണ്ടിരുന്ന സിനിമാ നിർത്തിവയ്പ്പിച്ച് തിയേറ്ററിനുള്ളിൽ ലൈറ്റ് ഇട്ടതിനുശേഷം പൊലീസ് അയാളെ പിടികൂടി. അന്വേഷണ സംഘം തിയേറ്ററിൽ നിന്നും പയ്യനെ നാട്ടിൽ എത്തിക്കുന്നു. എന്നാൽ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കോ ക്രൂരമായ ആക്ഷേപങ്ങൾക്കോ കുറ്റം ചാർത്തലിനോ എതിരെ ആരോടും മധുസാർ പ്രതികരിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്‌തിട്ടില്ല’- ആലപ്പി അഷ്‌റഫ് പറഞ്ഞു.



