Cinema

അടൂരിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുസിസി

തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ള്യുസിസി). മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമാപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നുവെന്നാണ് വിമർശനം. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് സംഘടനയുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ കുറിപ്പ്

മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയിൽ എത്തിയിരിക്കുന്നു. കേരള ഫിലിം പോളിസി കോൺക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമാ പരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ

പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത്‌വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളിൽ ജീവിക്കുന്നവരെയും പുറംതള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിർഭയമായി ശബ്ദമുയർത്തിയ പുഷ്പവതിയെ പൂർണ്ണമായി പിന്തുണക്കുന്നു.

ഒപ്പം മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിന് അഭിപ്രായവ്യത്യാസങ്ങൾ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങൾ അന്യമാണ്! പ്രഗത്ഭ നടി ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമാ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്‌. സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്ര തോമസ്

സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പട പൊരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമാ സംഘടനകളുടെ മുൻനിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലർത്തിപ്പോരുന്ന നിലപാടുകളെയും WCC അപലപിക്കുന്നു. വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവർ. തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button