News

വി എസ് പറഞ്ഞത് ഒറ്റവാക്ക്, അന്ന് മമ്മൂട്ടി വേണ്ടെന്ന് വച്ചത് രണ്ടു കോടി രൂപ

തിരുവനന്തപുരം: സമരപോരാട്ടത്തിന്റെ സൂര്യൻ , വിപ്ലവ മണ്ണിൽ അവസാനത്തെ യാത്രയ്ക്ക് ഒരുങ്ങുകയാണ്. വി,​എസ് അച്യുതാനന്ദൻ. തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആലപ്പുഴയിലെ പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് വി.എസിന്റെ മടക്കം. അഴിമതിക്കെതിരെ എന്നും പടവാളെടുത്ത വി,​എസ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും മുൻനിരയിൽ നിന്നു. മതികെട്ടാനും മൂന്നാറും പ്ലാച്ചിമടയും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

പാലക്കാട് പ്ലാച്ചിമടയിൽ കൊക്കക്കോളയുടെ ബോട്ട്‌ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരി്ട്ടെത്തിയായിരുന്നു വി.എസ് പിന്തുണ പ്രഖ്യാപിച്ചത്. 2001- 2006ൽ വി.എസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ സമരത്തിന് അനുകൂലമായ നിലപാാണ് വി.എസ് സ്വീകരിച്ചത്., എന്നാൽ ​ വി.എസിന്റെ നിലപാട് മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്ക് വരുത്തിയത് 2 കോടിയുടെ നഷ്ടമാണ്.

മമ്മൂട്ടിയെ കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. 2 കോടി രൂപയുടെ വമ്പൻ ഓഫറാണ് കൊക്കകോള മുന്നോട്ടു വച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. പാർട്ടി ചാനലായ കൈരളിയുടെ ചെയർമാൻ കൂടിയായിരുന്നു മമ്മൂട്ടി അന്ന്.കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ച് പ്രതിപക്ഷ നേതാവായ വി.എസിനോട് മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാകുന്നതിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചു.

വി,എസ് ചോദ്യത്തിന് മറുപടിയും നൽകി. ഒന്നുകിൽ മമ്മൂട്ടിക്ക് കൈരളിയുടെ മാനേജരായി തുടരാം. ഇല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം എന്നായിരുന്നു വി.എസ് പറഞ്ഞത്. ജലചൂഷണവും പരിസ്ഥിത നാശവും വരുത്തുന്ന,​ ജനജീവിതം ദുരിതമാക്കിയ കൊക്കകോളയെ ഇടതുപക്ഷ ചാനലിന്റെ ചെയർമാൻ എങ്ങനെ പ്രതിനിധീകരിക്കും എന്ന ചോദ്യമാണ് വി.എസ് ഉയർത്തിയത്. ഇതിന് പിന്നാലെ കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാകാനുള്ള തീരുമാനത്തിൽ നിന്ന് മമ്മൂട്ടി പിൻമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button