ദിലീപ് ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ഭഭബ. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്ക് പുറമെ മോഹൻലാലും ഭഭബയിൽ ഉണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളമായി. ഏതാനും സിനിമാ താരങ്ങളും ഇക്കാര്യം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഭഭബ സിനിമയിൽ മോഹൻലാൽ ഉണ്ടെന്ന് ഉറപ്പിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. “കഴിഞ്ഞൊരു ദിവസം ദിലീപ് ഇപ്പോൾ അഭിനയിക്കുന്ന ഭഭബയുടെ സെറ്റിൽ ഞാൻ പോയിരുന്നു. ദിലീപും മോഹൻലാലും ചേർന്നുള്ള ഒരു ഗാന ചിത്രീകരണം ഞാൻ കണ്ടു. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയകാമുള്ള സാധ്യതയുള്ള സിനിമയാണ്”, എന്നായിരുന്നു ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. പ്രിൻസ് ആന്റ് ഫാമിലിയുടെ 60-ാം ദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
ഭയം ഭക്തി ബഹുമാനം എന്നാണ് ഭഭബയുടെ പൂര്‍ണ പേര്. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മാസ് കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.