അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചിരുന്നതായി ഉർവശി

ചെന്നൈ: ദേശീയ അവാർഡ് പ്രഖ്യാപനത്തിലെ മാനദണ്ഡം ചോദ്യം ചെയ്‌ത് നടി ഉർവശി നടത്തിയ പ്രതികരണങ്ങൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനിടെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉർവശി തന്റെ അഭിപ്രായങ്ങൾ അറിയിച്ചു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു നടി എത്തുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കും എന്നും അവർ പറഞ്ഞു. സംഘടനയെ നല്ലരീതിയിൽ കൊണ്ടുപോകാൻ പറ്റുന്നവർ ജയിക്കണമെന്നും ജയിച്ച് വരുന്നവർ ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ലെങ്കിൽ ചോദ്യം ചെയ്യുമെന്നും ഉർവശി വ്യക്തമാക്കി.
സംഘടനയെ നല്ലരീതിയിൽ കൊണ്ടുപോകാൻ പറ്റുന്നവർ ജയിക്കണം. മത്സരിക്കാൻ എന്നെ നിർബന്ധിച്ചിരുന്നു. എന്നാൽ സാഹചര്യം വേറെയായതിനാൽ മത്സരിച്ചില്ല.’ ഉർവശി പറഞ്ഞു. ‘വോട്ട്ചെയ്യാൻ കൊച്ചിയിലെത്തും. ജയിക്കുന്നവർ കൃത്യമായി ഫണ്ട് വിനിയോഗിക്കണം. ഇല്ലെങ്കിൽ ചോദ്യം ചെയ്യും. മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും നയിക്കാൻ പദവി ആവശ്യമില്ല. തുടർന്നും ഭാരവാഹികൾക്കൊപ്പം ഇരുവരും ഉണ്ടാകും.’ ഉർവശി വ്യക്തമാക്കി.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി അമ്മ തെരഞ്ഞെടുപ്പിനെക്കുറിച്ചടക്കം പ്രതികരിച്ചത്. ദേശീയ അവാർഡ് നിർണയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്‌ത ഉർവശി എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കുവച്ചില്ലെന്ന് ചോദിച്ചു. മികച്ച അഭിനേതാവിനെക്കാൾ സഹനടിയ്‌ക്ക് അഭിനയം കുറവാണെങ്കിൽ അതിന് മാനദണ്ഡമാക്കിയത് ഏത് ചിത്രത്തിലെ അഭിനയമാണ് എന്നെല്ലാം ജൂറി വ്യക്തമാക്കണം എന്ന് ഉർവശി ആവശ്യപ്പെട്ടു.
‘എന്തുകൊണ്ട് വിജയരാഘവൻ മികച്ച സഹനടനായി അദ്ദേഹത്തിന്റെ അഭിനയവും ഷാരൂഖ് ഖാന്റെ പെർഫോമൻസും തമ്മിൽ അവർ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു? ആട് ജീവിതം എന്ന സിനിമ പരാമർശിക്കാതെ പോയി. മികച്ചനടിയ്‌ക്കുള്ള പുരസ്‌കാരത്തിന് ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. ആ സിനിമ ജൂറി കണ്ടിട്ടുകൂടിയില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടണം. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നിൽക്കുകയല്ലേ അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ.’ എന്നായിരുന്നു ഉർവശിയുടെ പ്രതികരണം.