മാർക്കോ’യ്ക്കുശേഷം മറ്റൊരു വലിയ ആക്‌ഷൻ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ

മാർക്കോ’യ്ക്കുശേഷം മറ്റൊരു വലിയ ആക്‌ഷൻ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ. ബ്ലോക് ബസ്റ്റർ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ടിനായി കഠിനപരിശീലനത്തിലാണ് ഉണ്ണി. ഇതിനു സൂചന നൽകുന്നൊരു പോസ്റ്റ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തിൽ കാണാനാകുക. ‘J (Joshiy) x UM (Unni Mukundan) = Jaw Breaking Action Film’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ആരാധകരടക്കം നിരവധിപ്പേരാണ് പോസ്റ്റില്‍ കമന്റുകളുമായി എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിനെ കാണുന്നതെന്നും ഉണ്ണി മുകുന്ദന്റെ മറ്റൊരു ആക്‌ഷൻ അവതാരത്തെ ചിത്രത്തിലൂടെ കാണാമെന്നൊക്കെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയും ആക്‌ഷൻ സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മുഴുനീള ആക്‌ഷൻ എന്റർടെയ്നർ അണിയറയിൽ ഒരുങ്ങുന്നു എന്ന് സംവിധായകൻ ജോഷിയുടെ പിറന്നാൾ ദിവസം പ്രഖ്യാപനം വന്നിരുന്നു. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആക്‌ഷൻ ചിത്രം കൂടിയാണിത്.
ചിത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ ദുബായിൽ പരിശീലനത്തിലാണ് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മലയാളത്തിൽ നിലവിലുള്ള ആക്‌ഷൻ സിനിമകളുടെ നിലവാരം ഉയർത്തുന്ന സിനിമയാകുമിതെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.