‘ചെരുപ്പ് അയക്കുന്നവര്‍, പഴയ ചെരുപ്പ് ചോദിക്കുന്നവര്‍’; ആരാധകരുടെ വിചിത്ര ആവശ്യങ്ങളെക്കുറിച്ച് വൈഗ റോസ്

സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളില്‍ വലിയൊരു വിഭാഗത്തിന് സുപരിചിതയാണ് നടി വൈഗ റോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അവര്‍. അവിടെ ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകര്‍ ചിലപ്പോള്‍ ഉന്നയിക്കാറുള്ള വിചിത്ര ആവശ്യങ്ങളെക്കുറിച്ച് പറയുകയാണ് വൈഗ റോസ്. ചെരുപ്പുകള്‍ അയച്ചുതന്നിരുന്ന നിരവധി ആരാധകര്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ചിലര്‍ക്ക് താന്‍ ഉപയോഗിച്ച പഴയ ചെരുപ്പുകളാണ് വേണ്ടതെന്നും വൈഗ പറയുന്നു. അത് തനിക്ക് വിചിത്രമായി തോന്നിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് വൈഗ റോസ് ഇക്കാര്യം പറയുന്നത്.
ക്രേസി ആയ ഫാന്‍ മൊമെന്‍റുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നേരിട്ട് അങ്ങനെയുള്ള അനുഭവങ്ങള്‍ ഇല്ലെന്നും എന്നാല്‍ കമന്‍റ് ബോക്സില്‍ അങ്ങനെ ചിലത് ഉണ്ടാവാറുണ്ടെന്നും വൈഗ പറയുന്നു. “കുറേ ചെരുപ്പ് അയയ്ക്കുന്ന ആളുകള്‍ ഉണ്ട്. ഗിഫ്റ്റ് ആയിട്ട്. എന്താണോ എന്തോ. അവസാനമായപ്പോള്‍ എനിക്ക് തോന്നി, എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ എന്ന്. ആദ്യമൊക്കെ ഗിഫ്റ്റ് എന്ന നിലയില്‍ ഓകെ ആയി തോന്നിയ കാര്യം ആയിരുന്നു.
കുറേ ആള്‍ക്കാര്‍ അങ്ങനെ അയച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊരു ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ അത് ഞാന്‍ നിര്‍ത്തി. ചില ആള്‍ക്കാര്‍ ഞാന്‍ ഉപയോഗിച്ച ചെരുപ്പ് തരാമോ എന്നൊക്കെ ചോദിക്കും. പഴയ ചെരുപ്പ് വീട്ടിലേക്ക് അയച്ച് തരാമോ എന്ന്. എത്ര ആലോചിച്ചിട്ടും അത് എന്തിനാണെന്ന് പിടി കിട്ടിയിട്ടില്ല. ഇനി അത് മേടിച്ച് അവന്‍ തന്നെ അവന്‍റെ തലയില്‍ അടിക്കാന്‍ ആയിരിക്കും ചിലപ്പോള്‍. അതൊക്കെ വായിക്കുമ്പോള്‍ എന്തോ പോലെ തോന്നും. അത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ഒന്നുമില്ല”, വൈഗ റോസ് പറയുന്നു.
അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ ആയിരുന്നു വൈഗ റോസിന്‍റെ അഭിനയ അരങ്ങേറ്റം. ഹണി റോസ് എന്നാണ് ഒഫിഷ്യല്‍ പേര്. ഓര്‍ഡിനറി, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങിയവയാണ് ആദ്യ കാല ചിത്രങ്ങള്‍. പിന്നീട് തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ആഗ്രഹിച്ച് അഭിനയ മേഖലയിലേക്ക് എത്തിയ ആളല്ല താനെന്ന് വൈഗ നേരത്തേ പറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ലഭിച്ച അവസരത്തിന്‍റെ വില അറിയാന്‍ വൈകിയെന്നും.



