Cinema

1000 കോടി ബജറ്റില്‍ രാജമൗലി ഒരുക്കുന്ന സിനിമയുടെ പേര് ഇങ്ങനെ

ഇന്ത്യന്‍ സിനിമയില്‍ തന്‍റെ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തുന്ന സംവിധായകന്‍ ആരാണ്? ആ ചോദ്യത്തിന് ഭാഷാഭേദമന്യെ ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന പേര് എസ് എസ് രാജമൗലി എന്നായിരിക്കും. തെലുങ്ക് സിനിമയുടെ അതിരുകള്‍ മാറ്റിവരച്ച ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ രാജമൗലി സ്വന്തമാക്കിയ നേട്ടമാണ് ഈ ജനപ്രീതി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അത് സംബന്ധിച്ച കൗതുകകരമായ ചില റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ പേര് സംബന്ധിച്ചാണ് അത്.

രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 1000 കോടിയാണ് നിശ്ചയിച്ചിരിക്കുന്ന ബജറ്റ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് റിവീല്‍ ഈ മാസം പുറത്തെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഇത് ഒരു ഫസ്റ്റ് ലുക്ക് ടൈറ്റില്‍ ടീസര്‍ ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ഈ മാസം 16 ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ആര്‍ആറിന് ശേഷം ആഗോള മാര്‍ക്കറ്റ് ലക്ഷ്യമാക്കി രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് എന്തായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ ഏറ്റവും വലിയ ആകാംക്ഷ. ഔദ്യോഗികമായി അത് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ടെങ്കിലും ചില പേരുകള്‍ ഇപ്പോഴേ പ്രചരിക്കുന്നുണ്ട്. ജെന്‍ 63 എന്നാണ് ചിത്രത്തിന് രാജമൗലി പേരിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തേ എത്തിയിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഒരു വര്‍ക്കിംഗ് ടൈറ്റില്‍ മാത്രമാണെന്നും ചിത്രത്തിന്‍റെ യഥാര്‍ഥ പേരല്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശരിക്കുമുള്ള പേര് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

വാരാണസി എന്നാണ് ചിത്രത്തിന്‍റെ പേര് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ നടക്കുന്നത് വാരാണസിയിലാണെന്നും 50 കോടിയുടെ സെറ്റ് ഇട്ടാണ് ഈ ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വാരാണസി എന്നാണ് ചിത്രത്തിന്‍റെ പേരെങ്കില്‍ അത് പോരെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം. അതിനാല്‍ത്തന്നെ നാം നിത്യജീവിതത്തില്‍ കാണുന്നതരം കഥാപാത്രങ്ങള്‍ ആയിരിക്കില്ല ചിത്രത്തിലേത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button