‘വേറൊരാളെ തിരുത്താനൊന്നും പറ്റത്തില്ല, അമ്മ ഇഷ്ടമുള്ളത് ചെയ്യട്ടെ’; മറുപടിയുമായി’ കിച്ചു

മലയാളത്തിന് വലിയ ഞെട്ടലുണ്ടാക്കി 2023 ജൂണിൽ ആയിരുന്നു പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗം. ആ ദുഃഖത്തിൽ നിന്നും കരകയറി ഭാര്യ രേണുവും രണ്ട് മക്കളും മുന്നോട്ട് പോകുകയാണ് ഇപ്പോൾ. ഇതിനിടയിൽ അഭിനയ രംഗത്ത് രേണു എത്തിയത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുമുണ്ട്. സുധിയുടെ ആദ്യ ഭാര്യയിലെ മകൻ കിച്ചു എന്ന രാഹുലിനെ രേണു വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന തരത്തിൽ വരെ പ്രചാരം നടന്നു.
എന്നാൽ അത് വാസ്തവ വിരുദ്ധമാണെന്നും രണ്ടാനമ്മയെ പോലെയല്ല തന്നെ രേണു നോക്കിയതെന്നും കിച്ചു തുറന്നു പറഞ്ഞിരുന്നു. തന്റെയും അനിയന്റെയും പേരിൽ വീടു വെച്ചു നൽകിയവരെ പിന്തുണച്ചും കിച്ചു നടത്തിയ പരാമർശങ്ങൾ രേണുവിനെതിരെ പറഞ്ഞതാണെന്ന രീതിയിലും ചിലർ വ്യാഖ്യാനിച്ചിരുന്നു. ഇപ്പോളിതാ യൂട്യൂബ് ലൈവിലൂടെ ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കിച്ചു.
വിവാദങ്ങളുണ്ടാക്കാൻ തനിക്ക് താത്പര്യമില്ലെന്നും പലരും താൻ പറയുന്ന കാര്യങ്ങൾ കുറച്ചു മാത്രം കട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും കിച്ചു പറയുന്നു. ”ഞാൻ കുറച്ച് നല്ല കാര്യങ്ങൾ പറയുന്നില്ലേ. അത്രയേ ഉള്ളൂ. വേറൊരാളെ തിരുത്താനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പറയൂ. അതു തിരുത്താം. ഞാൻ ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ മുന്നോട്ട് പോകുന്നു.
അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിൽ തന്നെ നിൽക്കട്ടെ. അതിൽ കയറി ഞാൻ എന്തിന് ഇടപെടണം. അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. കുറേനാളായി ഞാനിതൊക്കെ കേൾക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലേക്ക് മാറ്റുകയാണ്. കട്ട് ചെയ്‍ത് വിഡിയോകൾ ഇടുമ്പോൾ ഇതു കൂടി അതിൽ വരണം. ഞാൻ എന്റെ ഇഷ്ടം നോക്കി പോകട്ടെ. വെറുതെ വിടൂ”, എന്നായിരുന്നു രേണുവിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് കിച്ചു പറഞ്ഞത്.



