രാധികയെ മുന്നിലിരുത്തി ശരത്കുമാറിന്റെ ആദ്യഭാര്യ പറഞ്ഞ വാക്കുകൾ; ഞെട്ടലോടെ നടി

സിനിമാ ലോകത്തെ പല വിവാഹമോചനങ്ങളും തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും അവസാനിക്കുമ്പോൾ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠം തുറന്നുകാട്ടുകയാണ് നടൻ ശരത്കുമാറിന്റെ കുടുംബം. ശരത്കുമാറിന്റെ ആദ്യഭാര്യ ഛായാ ദേവിയും രണ്ടാം ഭാര്യയും നടിയുമായ രാധിക ശരത്കുമാറും ഒരു വേദിയിൽ ഒന്നിച്ചെത്തിയതും, രാധികയെക്കുറിച്ച് ഛായ പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ കണ്ടുവരാറുള്ള പൊരുത്തക്കേടുകൾക്ക് പകരം, തികഞ്ഞ ബഹുമാനത്തോടെയാണ് ഇരുവരും പെരുമാറുന്നത്. ഛായയുടെയും ശരത്കുമാറിന്റെയും മകളും നടിയുമായ വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സരസ്വതി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു ഈ അപൂർവ നിമിഷം. വേദിയിൽ സംസാരിക്കവേ രാധികയുടെ അഭിനയ മികവിനെയും വ്യക്തിത്വത്തെയും ഛായാ ദേവി വാനോളം പുകഴ്ത്തി. ഛായയുടെയും ശരത്കുമാറിന്റെയും രണ്ടാമത്തെ മകളായ പൂജയാണ് ‘സരസ്വതി’ സിനിമയുടെ സഹനിർമാതാവ്.
‘‘എന്നെ ഇവിടെ വിളിച്ചതിന് നന്ദി. വരലക്ഷ്മിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണ് ഭര്‍ത്താവ് നിക്ക്. അതുപോലെ തന്നെ ശരത്തും രാധികയും മകൾക്കൊപ്പം തന്നെയുണ്ട്. ഈ സിനിമയുടെ എല്ലാ അംഗങ്ങൾക്കും വിജയാശംസകൾ. ഇനി പറയാൻ പോകുന്നത് സിനിമയുടെ കാര്യമല്ല. തുടക്കകാലത്ത് ദൂരദർശനിൽ അവതാരകയായിരുന്നു ഞാൻ . ജീവിതത്തിലെ സർക്കിളിലെ മനോഹരമായ നിമിഷം രാധിക മാമിനെ അഭിമുഖം ചെയ്തതാണ്. രാധികയുടെ കഴിവിനെ ആദരവോടെ കാണുന്നു. അതൊരു ദീപാവലി സ്പെഷൽ അഭിമുഖമായിരുന്നു, വളരെ മനോഹരമായിരുന്നു
ഇന്നും ആ ബന്ധം തുടരുന്നു. ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അസാധാരണ അഭിനയശൈലിയുള്ള പ്രതിഭയാണ് രാധിക. മാമിന്റെ ‘തായ്‌കിഴവി’ എന്ന സിനിമയ്ക്കും എല്ലാ ആശംസകളും.’’–ഛായ പറഞ്ഞു. ഛായാ ദേവി സംസാരിക്കുമ്പോൾ മകൾ വരലക്ഷ്മി ശരത്കുമാറും വേദിയിലുണ്ടായിരുന്നു. അമ്മയുടെ വാക്കുകളെ കയ്യടികളോടെയാണ് വരലക്ഷ്മി സ്വീകരിച്ചത്. തന്റെ രണ്ടാനമ്മ എന്നതിലുപരി രാധികയുമായി വളരെ ഊഷ്മളമായ ബന്ധമാണ് വരലക്ഷ്മി പുലർത്തുന്നത്. വരലക്ഷ്മിയുടെ വിവാഹ നിശ്ചയ വേളയിലും വിവാഹ ക്ഷണത്തിനായുള്ള യാത്രകളിലും രാധിക സജീവമായി കൂടെയുണ്ടായിരുന്നു.
2001-ലായിരുന്നു രാധികയുടെയും ശരത്കുമാറിന്റെയും വിവാഹം. ശരത്കുമാറിന് ഛായാ ദേവിയിലുള്ള മക്കളായ വരലക്ഷ്മിയും പൂജയും, രാധികയുടെ മകൾ റയാനും, രാധികയുടെയും ശരത് കുമാറിന്റെയും മകൻ രാഹുലും ഒരേ കുടുംബമായിട്ടാണ് കഴിയുന്നത്. മാതൃദിനത്തിൽ രണ്ട് അമ്മമാർക്കും ആശംസകൾ നേരാൻ വരലക്ഷ്മി മറക്കാറില്ല. ഒരു പുരുഷന്റെ മുൻഭാര്യയും നിലവിലെ ഭാര്യയും എന്നതിലുപരി പരസ്പരം ബഹുമാനിക്കുന്ന രണ്ട് വ്യക്തികളായി ഇവർ നിലകൊള്ളുന്നത് സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയാണെന്നാണ് ആരാധകർ പറയുന്നത്.



