കാത്തിരിപ്പിന് വിരാമം; നാല് മാസത്തിന് ശേഷം ആസിഫ് അലി ചിത്രം ഒടിടിയിലേക്ക്

ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്ത ‘ആഭ്യന്തര കുറ്റവാളി’ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. റിലീസ് ചെയ്ത നാല് മാസത്തിന് ശേഷമാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. സീ ഫൈവിലൂടെ ഒക്ടോബർ 17 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജൂൺ 6 നായിരുന്നു ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ, നൈസാം സലാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോമഡി- ഡ്രാമ ഴോണറിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രമായി മികച്ച പ്രകടനമാണ് ആസിഫ് അലി ആഭ്യന്തര കുറ്റവാളിയിൽ കാഴ്ചവെച്ചത്. സിദ്ധാർത്ഥ് ഭരതൻ, ജഗദീഷ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ തുടങ്ങീ താരങ്ങങ്ങളെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്.
തുളസി, ശ്രേയ രുക്മിണി എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. കൂടാതെ ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേംനാഥ്, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അജയ് ഡേവിഡ് കാച്ചപ്പളിഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്, സോബിൻ സോമനാണ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ബിജിബാൽ, ക്രിസ്റ്റി ജോബി എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.
അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മിറാഷ്’ ആയിരുന്നു ആസിഫ് അലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അപർണ ബാലമുരളി നായികയായി എത്തിയ ചിത്രം ത്രില്ലർ ഴോണറിൽ ആണ് തിയേറ്ററുകളിൽ എത്തിയത്. സോണി ലിവിലൂടെ ഒക്ടോബർ 20 മുതൽ മിറാഷ് സ്ട്രീമിങ് ആരംഭിക്കുകയാണ്. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മിറാഷ്.