Cinema

മണൽ വിരിച്ച ടെന്റിനുള്ളിലായിരുന്നു ഷൂട്ട്, ആ സമയത്ത് എനിക്ക് സുഖമില്ലായിരുന്നു: വേദിക

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 യിലെ ഡാൻസ് നമ്പറിലൂടെ മലയാളത്തിൽ വീണ്ടും സാന്നിധ്യമറിയിച്ചിരിക്കുകയാണ് വേദിക. ആട് 3 യിലെ സുൽത്താൻ എന്ന ഗാനരംഗത്തിലാണ് വേദിക നൃത്തച്ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച വേദിക പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സുൽത്താൻ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് പനിയായിരുന്നു എന്നാണ് വേദിക പറഞ്ഞത്.

“മലയാളവും തമിഴും തമ്മിൽ സാമ്യതകൾ ഉള്ളതുകൊണ്ട് മലയാളം കേട്ടാൽ എനിക്ക് മനസിലാകും. പക്ഷെ ഒരുപാട് സംസാരിക്കാൻ അറിയില്ല. കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. മലയാളികൾക്ക് തമിഴ് മനസിലാകുമെന്ന് അറിയാം. ആളുകൾക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ആട് 3 എന്ന് എനിക്ക് അറിയാം. നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ഫാമിലി ഓഡിയൻസിന് വലിയൊരു റിലീഫ് കൊടുക്കുന്ന സിനിമയായിരിക്കും.

ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞത് ഭാ​ഗ്യമായി കരുതുന്നു. ​പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. കടുത്ത ജലദോഷവും ചുമയും പനിയും തൊണ്ടവേദനയും എല്ലാമായിരുന്നു. മാത്രമല്ല മണൽ വിരിച്ച ടെന്റിനുള്ളിലായിരുന്നു ഷൂട്ട്. അതിനാൽ തന്നെ പൊടിയായിരുന്നു മുഴുവൻ. മൂക്ക് മുഴുവൻ അടഞ്ഞിരിക്കുകയായിരുന്നു. പക്ഷെ ഭാ​ഗ്യമെന്ന് പറയട്ടെ അതൊന്നും സോങിൽ വിസിബിൾ ആയില്ല. മരിച്ചതുപോലെയായിരുന്നു ഞാൻ.” വേദിക പറയുന്നു.

അതേസമയം ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ആട് 3 ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കോടി നേടിയിരുന്നു. മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്.

ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button