മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു

മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. ചടങ്ങിൽ പങ്കെടുക്കാൻ വിസ്മയയ്ക്കൊപ്പം മോഹൻലാലും സുചിത്രയും പ്രണവും ഉണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ് നിർവഹിക്കുന്നത്.
മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘തുടക്ക’ത്തിൽ വില്ലനുണ്ട്. എന്നാൽ നായകനില്ല. ഇപ്പോഴിതാ വിസ്മയ ആദ്യം ക്യാമറയ്ക്ക് മുന്നിൽ നിന്ന് കാര്യം വെളിപ്പെടുത്തുകയാണ് സുചിത്ര. പൂജാ ചടങ്ങിനിടെയാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.
‘ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. എന്റെ മകൾ സിനിമമേഖലയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. ഇവിടെ നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കാര്യമാണ് ഓർമവരുന്നത്. ചെറുപ്പത്തിൽ ഏകദേശം പ്രണവിന് 12 വയസ് ഉള്ളപ്പോൾ വീട്ടിൽ ഞങ്ങൾ സിനിമ ചെയ്തു. അതിന്റെ പേര് ‘ആങ്ഗ്രി മായ’ എന്നായിരുന്നു. മായയായിരുന്നു (വിസ്മയ) അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സംവിധായകൻ അപ്പുവായിരുന്നു (പ്രണവ്). ഞാൻ ആയിരുന്നു ക്യാമറ. അന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല ഈ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന്. കുറച്ച് വർഷം മുൻപാണ് മായ സിനിമാ ആഗ്രഹം പറഞ്ഞത്. അങ്ങനെയാണ് തുടക്കം ചെയ്യുന്നത്. ആന്റണിക്കും ജൂഡിനും വളരെ നന്ദി’- സുചിത്ര പറഞ്ഞു.



