താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 ന്

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15 നാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പല കൗതുകങ്ങളുമുണ്ട്. 507 അംഗങ്ങളുള്ള സംഘടനയുടെ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസനും താല്‍പര്യമുള്ളപക്ഷം വോട്ട് ചെയ്യാം. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം കമലിന് ലഭിച്ചതിലൂടെയാണ് ഇത്.
പ്രസിദ്ധീകരിച്ചിരിക്കുന്ന വോട്ടര്‍ പട്ടികയിലെ ആദ്യ പേരുകാരന്‍ മലയാളിയല്ല. തമിഴ് താരം അബ്ബാസ് ആണ് ആ ഒന്നാം പേരുകാരന്‍. അബ്ബാസ് മാത്രമല്ല ബോളിവുഡ് നടി തബുവും തമിഴ് താരങ്ങളായ നെപ്പോളിയനും പാര്‍ഥിപനും തലൈവാസല്‍ വിജയ്‍യും ഒരു മലയാള സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുളള ഗായിക വസുന്ധര ദാസും അമ്മയിലെ അംഗങ്ങളാണ്.
മന്ത്രി കെ ബി ഗണേഷ് കുമാറും എംഎല്‍എ എം മുകേഷും അമ്മയിലെ അംഗങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇവര്‍ക്കു പുറമേ സംസ്ഥാന നിയമസഭയിലെ ഒരു അംഗം കൂടി അമ്മയിലുണ്ട്. പാലാ എംഎല്‍എ മാണി സി കാപ്പനാണ് അത്. അങ്ങനെ അമ്മയിലെ എംഎല്‍എമാരുടെ എണ്ണം 3 ആകുന്നു. സിനിമയില്‍ നിന്ന് വിആര്‍എസ് എടുത്തിട്ട് വര്‍ഷങ്ങളായെങ്കിലും ശാലിനി അജിത്തിനെപ്പോലെ ഇപ്പോഴും അമ്മയില്‍ വോട്ടുളള താരങ്ങള്‍ ഒരുപാടു പേരെ കാണാം പട്ടികയില്‍.
സിനിമയില്‍ സജീവമല്ലെങ്കിലും മുതിര്‍ന്ന താരങ്ങളായ മധുവും ഷീലയും താര സംഘടനയുടെ വോട്ടര്‍ പട്ടികയിലും കാരണവര്‍ സ്ഥാനത്തുണ്ട്. മമ്മൂട്ടിയായ മുഹമ്മദ് കുട്ടിയെ പോലെ സിനിമയ്ക്കായി പേരു മാറ്റിയ താരങ്ങളുടെ നീണ്ട നിരയുണ്ട് പട്ടികയില്‍. കവിതാ നായര്‍ എന്ന ഉര്‍വശിയും ദിവ്യ വെങ്കട്ട് രാമന്‍ എന്ന കനിഹയും സിബി വര്‍ഗീസ് എന്ന കൈലാഷും ബ്രൈറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലിയുമെല്ലാം അവരില്‍ ചിലര്‍ മാത്രം.