മോശം അവസ്ഥയിൽ ശ്രീനിയോട് ഞാൻ ചോദിച്ചു, ‘അഡ്വാൻസ് തിരികെ തരാമോ?’; ദിനേശ് പണിക്കരുടെ കുറിപ്പ്

അന്തരിച്ച നടൻ ശ്രീനിവാസന്റെ ഓർമകള്‍ പങ്കുവച്ച് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. ഒരിക്കൽ നൽകിയ അഡ്വാൻസ് തുക തന്റെ മോശം കാലത്ത് തിരിച്ച് ചോദിച്ചപ്പോൾ മടക്കി നൽകി സഹായിച്ചയാളാണ് ശ്രീനിവാസനെന്ന് ദിനേശ് കുറിക്കുന്നു.
ദിനേശ് പണിക്കറുടെ വാക്കുകൾ
ശ്രീനിവാസനുമായി എന്റെ ഒരു അനുഭവം. 1989 ൽ കിരീടം നിർമ്മിച്ചതിനുശേഷം 1991ൽ ‘ചെപ്പു കിലുക്കണ ചങ്ങാതി’എന്ന മുകേഷ് ജഗദീഷ് ചിത്രം ആയിരുന്നു അടുത്ത സിനിമാ നിർമ്മാണം. തിരക്കഥ രാജൻ കിരിയത്ത്- വിനു കിരീയത്, സംവിധാനം കലാധരൻ. സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് ശ്രീനിവാസനും. ഇനി നടന്ന ഒരു സംഭവം കൂടി പറയട്ടെ. അടുത്ത ഒരു ചിത്രത്തിനുവേണ്ടി ശ്രീനിവാസന് ആ ഇടയ്ക്ക് ഞാൻ അഡ്വാൻസ് നൽകുകയുണ്ടായി. എങ്ങനെയൊക്കെയോ സിനിമ നടക്കാതെ പോയി.

പിന്നീട് വർഷങ്ങൾക്ക് ശേഷം 2000ത്തിൽ എന്റെ മോശം അവസ്ഥയിൽ ശ്രീനിയോട് ഞാൻ അഡ്വാൻസ് തിരികെ തരാൻ സാധിക്കുമോ എന്ന് ചോദിക്കേണ്ട നിമിഷം എനിക്ക് മടക്കി നൽകുകയുണ്ടായി. അതായിരുന്നു ശ്രീനിവാസന്റെ മഹത്വം. സ്നേഹവും നന്മയും ചിരിയും തമാശയും മാത്രം എന്നോട് കാണിച്ചിട്ടുള്ള ശ്രീനിയെ എന്നും ഞാൻ മിസ്സ് ചെയ്യും. ശ്രീനിവാസന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രിയപ്പെട്ടവര്‍. കൂടെയുള്ളവരെ ചേർത്തുപിടിക്കാൻ എന്നും ശ്രീനിവാസൻ ശ്രമിച്ചിരുന്നു.



