‘അന്ന് അത് ബെന്‍സ് വാസു, നായകന്‍ ലാലുച്ചേട്ടന്‍’; ആശ ശരത്ത് പറയുന്നു

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട മോഹന്‍ലാല്‍ ചിത്രം ആയിരുന്നു തുടരും. ഇടവേളയ്ക്ക് ശേഷം തികച്ചും സാധാരണക്കാരന്‍റെ റോളില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ കാണികള്‍ അത് കൊണ്ടാടി. ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും കരിയറില്‍ വലിയ ബ്രേക്ക് കൊടുത്തു. നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തിനെ സംബന്ധിച്ചും കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം.
മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടും എത്തി എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്ന്. ശോഭനയുടെ സ്ഥാനത്തേക്ക് മറ്റ് ചിലരെ പരിഗണിച്ചിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അത്തരത്തില്‍ കേട്ട പേരുകളിലൊന്ന് ആശ ശരത്തിന്‍റേത് ആയിരുന്നു. ഇപ്പോഴിതാ അതിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് ആശ ശരത്ത്. ഒറിജിനല്‍സ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആശ ഇതേക്കുറിച്ച് പറയുന്നത്.
തുടരും സിനിമയില്‍ ശോഭനയ്ക്ക് പകരം താങ്കളെ ആയിരുന്നോ തീരുമാനിച്ചിരുന്നത് എന്ന ചോദ്യത്തിന് ആശ ശരത്തിന്‍റെ മറുപടി ഇങ്ങനെ- “തുടരും എന്ന സിനിമയ്ക്ക് മുന്‍പ് ഇത് ബെന്‍സ് വാസു എന്ന് പറയുന്ന ഒരു സിനിമയായിരുന്നു, ആദ്യ കാലത്ത്. ആ കഥ അതിന്‍റെ സ്ക്രിപ്റ്റ് മാറി മാറിയാണ് തുടരും ആയത്. അന്ന് അതിന്‍റെ സംവിധായകന്‍ വേറെ ആള്‍ ആയിരുന്നു.
നായകന്‍ വേറെ ആളായിരുന്നു. ആ കാലത്ത് ഞാനായിരുന്നു നായിക. അതിന് ശേഷം അത് ലാലേട്ടനില്‍ വന്നു. അന്നും ഈ സംവിധായകനും നിര്‍മ്മാതാവും ഒന്നും ആയിരുന്നില്ല. അപ്പോഴും ഞാനായിരുന്നു ആ കഥ കേട്ടിരുന്നതും സംസാരിച്ചിരുന്നതും. അന്ന് സിദ്ദിഖ് ലാലിലെ ലാലുച്ചേട്ടന്‍ ആയിരുന്നു നായകന്‍.
ആ സ്ക്രിപ്റ്റിലും ഈ സ്ക്രിപ്റ്റിലും കഥയില്‍ അവിടെയും ഇവിടെയുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ട്. തിരക്കഥ സെയിം ആണ്. പക്ഷേ കുറേ വ്യത്യാസങ്ങള്‍ ഉണ്ട്. ഇതൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ്. ദൃശ്യം കഴിഞ്ഞുള്ള സമയത്തുള്ള കാര്യമാണ്. ഈ പ്രൊഡക്ഷനും സംവിധായകനുമൊക്കെ വന്നപ്പോള്‍ എന്നെ സമീപിച്ചിട്ടേയില്ല”, ആശ ശരത്ത് പറയുന്നു.
അതേസമയം തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ ആണ് നായിക. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



