തമിഴ് സിനിമാ ലോകത്ത് മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്

തമിഴ് സിനിമാ ലോകത്ത് മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഒരു ചിത്രം വരുന്നു എന്ന് പറയുമ്പോൾ തന്നെ സിനിമാ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. കൈതി, വിക്രം തുടങ്ങിയ ലോകേഷിന്റെ ചിത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം ലോകേഷ് ഒരു സിനിമയുമായെത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്.
കൂലിയുടെ (Coolie) കാസ്റ്റിങ് കൂടി പുറത്തുവന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായി. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി പ്രമുഖ നടൻമാരെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ലോകേഷിനെക്കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന പറയുന്നത്.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നാഗാർജുന ഇക്കാര്യം പറഞ്ഞത്. “ലോകേഷ് ഒരു വിസിൽ ഫാക്ടറാണ്. ചെന്നൈയിലെ സ്ട്രീറ്റുകളിലൊക്കെ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തുപോയി. ആളുകൾ അദ്ദേഹത്തെ കാണാനായി വന്നു കൊണ്ടേയിരിക്കുകയാണ്. അദ്ദേഹം തന്നെ ഒരു വിസിൽ ഫാക്ടറാണ്.- നാഗാർജുന പറഞ്ഞു.
ഈ സിനിമയിൽ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു റോളാണുള്ളത്. എന്നെ അവതരിപ്പിച്ചിരിക്കുന്ന രീതി, ശരിക്കും ലോകിയോട് ഞാൻ നന്ദി പറയണം. കൂലി ഒരു മുഴുനീള വിസിൽ ചിത്രമാണ്… ലോകേഷിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വിക്രം ആണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ഏജന്റ് ടീന എന്നിവരുടെ വേഷങ്ങൾ വളരെ ഗംഭീരമാണ്.
രജനി സാറിനെ മാറ്റിനിർത്തിയാൽ, കൂലിയിൽ കന്നഡയിൽ നിന്ന് ഉപേന്ദ്ര, ഹിന്ദിയിൽ നിന്ന് ആമിർ ഖാൻ പിന്നെ ഞാനുമുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം വേറിട്ടു നിൽക്കുന്നതാണ്. എല്ലാവരുടെയും വേഷത്തിന് പ്രാധാന്യമുണ്ട്. അതാണ് കൂലിയുടെ പ്ലസ് പോയിന്റുകളിൽ ഒന്ന്”.- നാഗാർജുന കൂട്ടിച്ചേർത്തു.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ, ജൂനിയർ എംജിആർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 2023 ലാണ് ചിത്രം പ്രഖ്യാപിക്കുന്നത്.
ലോകേഷും ചന്ദ്രു അൻപഴകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്. ഓഗസ്റ്റ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.