ജോജുവിന്‍റെ അഭിനയം കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി; കമൽഹാസൻ

നടൻ ജോജു ജോർജിനെ വാനോളം പുകഴ്ത്തി കമൽഹാസൻ. മണിരത്‌നം-കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ചിൽ കമൽഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ‘എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേൾക്കുന്നത്. ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാൻ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. ഇരട്ട എന്ന സിനിമ കണ്ടു.
ഞാൻ എന്റെ കരിയറിൽ ഏകദേശം 30 സിനിമകളിൽ ഇരട്ട വേഷം ചെയ്തിട്ടുണ്ട്. ഇരട്ടയിലെ ജോജുവിന്‍റെ അഭിനയം കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. കാരണം ഒറ്റ ഗെറ്റപ്പിൽ വന്നിട്ടും ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമായി തിരിച്ചറിയാൻ സാധിച്ചു. ജോജു നിങ്ങൾ ഒരു വലിയ നടനാണ്. പുതുതായി അഭിനയിക്കാൻ വരുന്നവർ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. പക്ഷെ അവരെ വരവേൽക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ കരുതുന്നു. നമ്മൾ എല്ലാരും ആ കടമ ചെയ്യണം,’ കമൽ ഹാസൻ പറഞ്ഞു.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2022 ലാണ് തഗ് ലൈഫ് പ്രഖ്യാപിച്ചത്. കമൽഹാസന്റെ നായകനെന്ന നിലയിലെ 234-ാമത്തെ ചിത്രമാണിത്.തഗ് ലൈഫ് ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തും.