മുൻ മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്‌തു

കൊച്ചി: മുൻ മാനേജറെന്ന് അവകാശപ്പെടുന്ന വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് ഇൻഫോപാർക്ക് പൊലീസ് ചോദ്യം ചെയ്‌തത്. താൻ മർദിച്ചിട്ടില്ലെന്നും മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും നടൻ മൊഴി നൽകി. കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
എന്നാൽ, സംഭവത്തിൽ സിനിമാ സംഘടനകൾ ഇടപെട്ട് നേരത്തേ ഒത്തുതീർപ്പിലെത്തിയിരുന്നു. ഇതിനിടയിലും നിയമനടപടികൾ തുടരുകയായിരുന്നു. മേയ് 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്നാരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജറായ താൻ ‘നരിവേട്ട’യെന്ന ചിത്രത്തെ പുകഴ്‌ത്തിയിട്ട സോഷ്യൽ മീഡിയ പോസ്റ്റാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദിക്കാനുള്ള കാരണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. തനിക്ക് ഒരു പേഴ്‌സണൽ മാനേജർ മുമ്പും ഇപ്പോഴും ഇല്ല എന്ന് ഉണ്ണി വ്യക്തമാക്കി. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും പ്രൊഫഷണൽ കാര്യങ്ങളും നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും നടൻ പറഞ്ഞു. തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളും പ്ലാറ്റ്‌ഫോമുകളും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർത്ഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നുവെന്ന് കണ്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു.