Cinema

ലൂസിഫർ മൂന്നാം ഭാഗത്തിന്റെ സൂചനയോ? പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി കണ്ട് സംശയത്തോടെ ആരാധകർ

നടനെന്ന നിലയിൽ ഏറെ പ്രശസ്‌തനായെങ്കിലും സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രമായ ലൂസിഫറിലൂടെ സംവിധാന അരങ്ങേറ്റം പൃഥ്വിരാജ് ഗംഭീരമാക്കി. പിന്നീട് ബ്രോ ഡാഡി, എമ്പുരാൻ എന്നിവ കൂടി പുറത്തെത്തി.

ഇതിൽ ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു 2025 മാർച്ചിലിറങ്ങിയ എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഈ പരമ്പരയിൽ അടുത്ത ചിത്രം ഉടൻ ആരംഭിക്കുകയാണോ എന്ന് ആരാധകർക്ക് സംശയമുണ്ടാക്കുന്ന ഒരു ചിത്രം പൃഥ്വിരാജ് ഇൻസ്റ്റയിൽ സ്റ്റാറ്റസായി പങ്കുവച്ചിരിക്കുകയാണ്.

ലൂസിഫർ, ബ്രോഡാഡി, എമ്പുരാൻ എന്നിവയുടെ തിരക്കഥ നിരത്തിവച്ച ചിത്രമാണ് താരം പങ്കുവച്ചത്. മൂന്നാം ഭാഗമുണ്ട് എന്ന് സൂചിപ്പിച്ചാണ് എൽ-2 എമ്പുരാൻ അവസാനിച്ചത്. മൂന്നാംഭാഗത്തെ കുറിച്ച് ഇതുവരെ അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. നിരവധി രാഷ്‌ട്രീയ വിവാദങ്ങൾ ഉണ്ടായ ചിത്രമാണ് എമ്പുരാൻ. 2019ൽ ലൂസിഫ‌ർ ഇറങ്ങി, 2025ലാണ് എമ്പുരാൻ ഇറങ്ങിയത്.

പ്രിഥ്വിരാജിന്റെ തൊട്ടടുത്ത ചിത്രം ടൈസൺ ആയിരിക്കുമെന്നാണ് മുൻപ് സൂചനകൾ പുറത്തുവന്നത്. ജ്യേഷ്‌ഠൻ ഇന്ദ്രജിത്താകും ചിത്രത്തിലെ പ്രധാന താരമെന്ന് ആദ്യ സൂചനകൾ വന്നത്. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ എന്റർടെയ്‌ൻമെന്റ്‌സ് പുറത്തിറക്കുന്ന ചിത്രത്തിലെ തിരക്കഥ മുരളി ഗോപിയാകും എന്നും വിവരമുണ്ടായിരുന്നു. 2027ൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തെ കുറിച്ചുള്ള സൂചനയാണോ പങ്കുവച്ചത്‌ എന്നും ചർച്ചയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button