കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്; രണ്‍വീര്‍ സിങിന്റെ നായികയായി

കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്. ലോകയുടെ ചരിത്ര വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടി തിളങ്ങി നില്‍ക്കുകയാണ് കല്യാണി. ഈയ്യടുത്ത് പുറത്ത് വന്ന ഡിവൈനൊപ്പമുള്ള സംഗീത വിഡിയോയും കല്യാണിയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. പിന്നാലെയാണ് താരത്തിന്റെ ബോളിവുഡ് എന്‍ട്രി. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.
ജയ് മേഹ്ത സംവിധാനം ചെയ്യുന്ന സോമ്പി ത്രില്ലര്‍ ആയ പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.
ധുരന്ധര്‍ നേടിയ വലിയ വിജയത്തിന്റെ തിളക്കുമായാണ് രണ്‍വീര്‍ സിങ് പ്രളയിലേക്ക് എത്തുന്നത്. 2025 ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതോടെ പ്രളയ് നേടിക്കഴിഞ്ഞു. തെലുങ്കിലൂടെ കരിയര്‍ ആരംഭിച്ച് തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായി, ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായി മാറിയ കല്യാണിയുടെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ബോളിവുഡ് എന്‍ട്രി.
ലോക മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. ചിത്രത്തിലെ കല്യാണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആക്ഷന്‍ രംഗങ്ങളിലടക്കം അസാധ്യ കയ്യടക്കത്തോടെ സിനിമയെ മുന്നില്‍ നിന്ന് നയിച്ചത് കല്യാണിയായിരുന്നു. 300 കോടിയലധികം നേടിയാണ് ലോക ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചത്. തമിഴ് ചിത്രങ്ങളായ ജീനി, മാര്‍ഷല്‍ എന്നിവയാണ് കല്യാണിയുടേതായി അണിയറയിലുള്ള സിനിമകള്‍.



