
ഫുട്‌ബോള്‍ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരില്‍ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍. ആ ആരാധകന് ഇന്നൊരു ?ഗിഫ്റ്റ് കിട്ടി. അതാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
പ്രിയ താരത്തിന്റെ ജേഴ്‌സി കയ്യില്‍ കിട്ടിയ സന്തോഷം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. ‘ഡിയര്‍ ലാലേട്ടാ’ എന്നാണ് ജേഴ്‌സിയില്‍ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാലിന് ഇത്തരമൊരു അപൂര്‍വ്വ സമ്മാനം നല്‍കിയത്. അവര്‍ക്ക് അകമഴിഞ്ഞ നന്ദിയും മോഹന്‍ലാല്‍ അറിയിക്കുന്നുണ്ട്.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു നോക്കി. പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിരിക്കുന്നു’, എന്നാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ട് കുറിച്ചത്.
മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഒട്ടനവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സന്തോഷം ആരാധകര്‍ എങ്ങനെ എടുത്തു എന്നതിനുള്ള തെളിവായി മാറിയിരിക്കുകയാണ് കമന്റ് ബോക്‌സ്. ‘ഒരാള്‍ ഭൂമിയില്‍ പിറന്നത് ഫുട്‌ബോള്‍ കളിക്കാണെങ്കില്‍ മറ്റൊരാള്‍ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനായി, ഒരു വിസ്മയത്തിന് മറ്റൊരു വിസ്മയം നല്‍കിയ സമ്മാനം, ഫുട്‌ബോളിന്റെ രാജാവ് അഭിനയത്തിന്റെ രാജാവ്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ജേഴ്‌സിയും വേണമായിരുന്നുവെന്ന് ചില ആരാധകരും കമന്റില്‍ കുറിക്കുന്നുണ്ട്.