Uncategorized

ധര്‍മ്മജന്‍ ബിഗ് ബോസിലേക്ക്?

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിന്റെ വരവിനായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുക ഓഗസ്റ്റിലായിരിക്കും. പതിവിലും വൈകിയാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ തന്നെ ഷോ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബിഗ് ബോസ് തുടങ്ങാന്‍ കുറച്ച് മാസങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടു പിടിച്ചു കഴിഞ്ഞു.

നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഇത്തവണ മോഹന്‍ലാല്‍ അവതരാകനായി എത്തില്ല എന്നായിരുന്നു. എന്നാല്‍ ഇത്തവണയും മോഹന്‍ലാല്‍ തന്നെയാകും ബിഗ് ബോസ് അവതാരകന്‍. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളായി അറിയപ്പെടുന്ന സിനിമ-സീരിയല്‍ താരങ്ങളേക്കാള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായി പരിഗണിച്ചിരുന്നത് സോഷ്യല്‍ മീഡിയ താരങ്ങളെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പലരും ബിഗ് ബോസിലെത്തുകയും ചെയ്തു. ഇവരൊക്കെ ഇന്ന് വലിയ താരങ്ങളാണ്.

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണെങ്കിലും ബിഗ് ബോസിന്റെ ഭൂരിഭാഗം വരുന്ന, സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഇവരില്‍ പലരേയും പരിചയം കുറവായിരുന്നു. ഇത് തുടക്കത്തില്‍ ഷോയുടെ റേറ്റിംഗിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് കൂടുതല്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കാനാണ് ശ്രമമെന്നാണ് യൂട്യൂബറായ രാജ് ടോക്‌സ് പറയുന്നത്. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ കൊണ്ടുവരാനുള്ള ശ്രമം ശക്തമായി നടത്തുന്നുണ്ടെന്നാണ് രാജ് ടോക്‌സ് പറയുന്നത്. വരാനുള്ള സാധ്യതയും കൂടുതലാണെന്നും രാജ് ടോക്‌സ് പറയുന്നുണ്ട്. നേരത്തെ അതിഥിയായി ധര്‍മ്മജന്‍ ബിഗ് ബോസില്‍ വന്നിരുന്നു. പല സിനിമാ താരങ്ങളേയും വിളിച്ചിട്ടുണ്ടെന്നും രാജ് പറയുന്നു. വരും ദിവസങ്ങളില്‍ താരങ്ങളെ തേടി വിളിയെത്തുമെന്നും രാജ് പറയുന്നു.

അതേസമയം മുന്‍ ബിഗ് ബോസ് താരങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ഏഷ്യാനെറ്റുമായോ ബിഗ് ബോസുമായോ യാതൊരു ബന്ധവുമില്ലെന്നും രാജ് ടോക്‌സ് പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് കളിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചിരുന്നു. അവരാണ് കളിക്കുന്നത്. അല്ലാതെ ബിഗ് ബോസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മലയാളത്തില്‍ ആറ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. ആറ് സീസണിലും മോഹന്‍ലാല്‍ തന്നെയായിരുന്നു അവതാരകന്‍. ഇത്തവണ ഷോ വൈകിയപ്പോള്‍ പലരും മോഹന്‍ലാല്‍ പിന്മാറിയെന്നും സുരേഷ് ഗോപിയടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും അവതാരകനാവുക എന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 3, 10 തിയ്യതികളാണ് ലോഞ്ചിംഗ് ഡേ ആയി കരുതപ്പെടുന്നത്.

സാബുമോന്‍ ആയിരുന്നു ആദ്യ മലയാളം ബിഗ് ബോസ് വിന്നര്‍. രണ്ടാം സീസണില്‍ ശക്തമായ മത്സരം നടന്നുവെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പൂര്‍ത്തിയായിരുന്നില്ല. മൂന്നാം സീസണില്‍ നടന്‍ മണിക്കുട്ടനാണ് വിന്നറായത്. പിന്നീട് വന്ന സീസണില്‍ നടിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നനും വിജയിയായി. അഞ്ചാം സീസണിലെ വിജയി അഖില്‍ മാരാര്‍ ആയിരുന്നു. അവസാന സീസണില്‍ വിജയിച്ചത് ഫിറ്റ്‌നസ് ട്രെയ്‌നറും ബോഡി ബില്‍ഡറുമൊക്കെയായ ജിന്റോ ആയിരുന്നു. ഇത്തവണ ആരാകും ബിഗ് ബോസ് കപ്പുയര്‍ത്തുക എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button