കുളിമുറിയിൽ ഒളിഞ്ഞുനോക്കിയപ്പോൾ കൗതുകമായിരുന്നോ?’;ജുവൽ മേരി

യൂട്യൂബ് ചാനൽ അവതാരകയെ രൂക്ഷമായി വിമർശിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. അവതരണം എന്ന ജോലി ചെയ്യുമ്പോൾ നമ്മുടെ വാക്കുകളും ഭാഷയും സഭ്യമായിരിക്കണമെന്നും അത് മറ്റുള്ളവരെ സ്വാധീനിക്കാൻ ശക്തിയുള്ളതാണെന്നും ജുവൽ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കുളിമുറിയിൽ ഒളിഞ്ഞുനോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംക്ഷ ആയിരുന്നോ’ എന്ന ഒരു അവതാരക ഒരാളോട് ചോദിക്കുന്നത് കേട്ട് താൻ ഞെട്ടിപ്പോയെന്നും നടി പറഞ്ഞു. മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്നും ക്യാമറയ്ക്ക് മുന്നിലിരുന്ന് പറയുന്ന ഓരോ കാര്യങ്ങൾക്കും വിലയുണ്ടെന്ന് മറക്കരുതെന്നും ജുവൽ മേരി കൂട്ടിച്ചേർത്തു.
‘മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു ആകാംഷ ഇല്ല. അവതാരകരോടാണ്, നിങ്ങളൊരു ക്യാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്.
ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോൾ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോ എത്ര പൊട്ടൻഷ്യൽ ക്രിമിനൽസിനാണ് നിങ്ങൾ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല.’–ജുവൽ മേരി പറഞ്ഞു.