വിന്‍ സിയോട് മാപ്പ് ചോദിച്ച് ഷൈന്‍; പരാതി ഒത്തുതീർപ്പാക്കാന്‍ നീക്കം

സിനിമാ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. കഴിഞ്ഞദിവസം നടന്ന ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ‘സൂത്രവാക്യം’ സിനിമയുടെ ഭാവി കൂടി കണക്കിലെടുത്താണ് പരാതി ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.
വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസിസി (ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി) കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍ സി മടങ്ങിയത്. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് ഐസി യോഗം ചേര്‍ന്നത്. വിന്‍ സി ഒറ്റയ്ക്കും ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പവുമാണ് എത്തിച്ചേര്‍ന്നത്.
താന്‍ മനഃപൂർവം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു.
തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി വിന്‍ സി, ഐസി യോഗത്തില്‍ പ്രകടിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍ സി നേരത്തേ പറഞ്ഞിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ.
ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കാനുള്ള തീരുമാനമാകും ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുക എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാകും ‘അമ്മ’യും ഫിലിം ചേമ്പറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമെന്നാണ് വിവരം.