താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന്; നടൻ വിജയ് ബാബു

കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. നടനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ… ഞാൻ വിട്ടുനിന്നു.ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം മറിച്ചു തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാൻ നിങ്ങളെപ്പോലെ കാര്യക്ഷമതയുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം എന്തിനാണ്? സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്. അത് ശക്തമായി തുടരുകതന്നെ ചെയ്യും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്.
ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു.ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയൻ മാറിനിൽക്കുയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും നടി പറഞ്ഞിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം നേരത്തേ മോഹൻലാൽ ഒഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് നടൻ രവീന്ദ്രൻ മത്സരിക്കും.