Cinema

മൂന്നുനാല് വർഷം ഫൈറ്റ് ചെയ്‌ത് ഡിവോഴ്‌സ് വാങ്ങി, പിന്നാലെ ക്യാൻസർ;നടി ജുവൽ മേരി

ഡിവോഴ്സിനെക്കുറിച്ചും രോഗത്തെക്കുറിച്ചും വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ ജുവൽ മേരി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നടിയുടെ തുറന്നുപറച്ചിൽ. വളരെ ഫൈറ്റ് ചെയ്താണ് ഡിവോഴ്‌സ് വാങ്ങിയതെന്നും അവർ വ്യക്തമാക്കി.

‘ഞാൻ വിവാഹിതയായിരുന്നു, ഡിവോഴ്സായി. ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണ് ഞാൻ. വളരെ സ്മൂത്തായി ഡിവോഴ്സ് വാങ്ങിയ ആളുകളുണ്ട്. എന്റെ സ്‌റ്റോറി അങ്ങനെയായിരുന്നില്ല. ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങി. ഒരു വർഷമാകുന്നേയുള്ളൂ. 2021 മുതൽ വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.മൂന്നുനാല് വർഷമെടുത്താണ് ഡിവോഴ്സ് കിട്ടിയത്. അന്ന് കൈയിൽ കുറച്ച് പൈസയൊക്കെ ബാക്കിയുണ്ടായിരുന്നു. ഇനിയെങ്കിലും ലൈഫ് എൻജോയ് ചെയ്യണമെന്ന് തീരുമാനിച്ചു.

അങ്ങനെ ലണ്ടനിൽ ഒരു ഷോ വന്നു, അതിന് പോയി. ഒരു മാസം വിസയുണ്ട്. ആ ഒരു മാസം അവിടെയുള്ള സുഹൃത്തുക്കളെയൊക്കെ കണക്ട് ചെയ്ത് ഇംഗ്ലണ്ടും, അയർലണ്ടും, സ്‌കോട്ട്‌ലന്റുമൊക്കെ കറങ്ങി. ഭയങ്കര രസമുള്ള യാത്ര. 2023ലെ എന്റെ ജന്മദിനം ലണ്ടനിൽ ആഘോഷിച്ചു. തിരിച്ച് കൊച്ചിയിലെത്തി. കൈയിലുള്ള കുറച്ച് കാശൊക്കെ പൊട്ടിച്ചു. തിരിച്ചുവന്നാൽ ഇനിയും ഞാൻ വർക്ക് ചെയ്യുമെന്ന് എനിക്കറിയാം. എപ്പോഴെങ്കിലും നമ്മൾ നമുക്കുവേണ്ടി കുറച്ച് ചെലവാക്കണ്ടേ. ഞാൻ അങ്ങനെ ചെലവാക്കിയതാണ്.

ഏഴ് വർഷത്തിലധികമായി തൈറോയിഡിന്റെ പ്രശ്നമുള്ളയാളാണ് ഞാൻ. ഹൈപ്പോ തൈറോയിഡിസമുണ്ട്. പിസിഒഡിയൊക്കെ ഉണ്ട്. തൈറോയിഡിന്റെ റെഗുലർ ചെക്കപ്പിനായി പോയി. മരുന്ന് അഡ്ജസ്റ്റ് ചെയ്യാൻ പോയതാണ്. മടിച്ചിയാണ് ഞാൻ. ഒരു ഡോസ് തന്നാൽ തുടർച്ചയായി ഇങ്ങനെ കഴിക്കും. എനിക്ക് വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. ആകപ്പാടെ ഉണ്ടായിരുന്നത് ചുമക്കുമ്പോൾ കുറച്ച് കഫം വരും. തൊണ്ടയിൽ ഒരു ഇറിട്ടേഷൻ ഉണ്ടാകാറുണ്ട്. ഞാൻ ആങ്കറാണ്. ഒത്തിരി ഒച്ചയുണ്ടാക്കുന്നതാണ്. അതുകൊണ്ടാകാമെന്ന് കരുതി. ഡോക്ടർ ചുമ്മാ സ്‌കാൻ ചെയ്യാമെന്ന് പറഞ്ഞു.

ഞാൻ ബി എസ് സി നഴ്സിംഗ് പഠിച്ചയാളാണ്. കുറച്ചൊക്കെ സ്‌കാനിംഗിലെ കാര്യങ്ങൾ കണ്ടാൽ മനസിലാകും. അവർ എന്തോ മാർക്ക് ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസിലായി. സ്‌കാനിംഗ് റൂമിലുള്ളവർക്ക് എന്നെ മനസിലായി. ഇവരുടെ മുഖമൊക്കെ മാറുന്നുണ്ട്. പുറത്തുനിൽക്കാൻ പറഞ്ഞു. എന്റെ ഫ്രണ്ടും കൂടെയുണ്ട്. കുറച്ച് കഴിഞ്ഞ് അവർ ഇറങ്ങിവന്ന് ബയോപ്സിയെടുക്കാൻ പറഞ്ഞു. ആ സമയത്ത് ഞാൻ ഭൂമിയിൽ ഉറഞ്ഞുപോയതുപോലെയായി. അതെടുക്കണമെന്ന് അവർ പറഞ്ഞു.

ഇപ്പോൾത്തന്നെ ബയോപ്സിയെടുക്കണമെന്ന് പറഞ്ഞ്. ബയോപ്സി റൂമിൽ കയറുമ്പോൾത്തന്നെ ഞാനാകെ മരവിച്ചുപോയി. അവർ സമാധാനിപ്പിച്ചു. ക്യാൻസർ ആകാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പതിനഞ്ച് ദിവസം കഴിയും റിസൽട്ട് വരാൻ. ആ സമയം ലൈഫ് സ്ലോയായി. റിസൽട്ട് വന്നപ്പോൾ വീണ്ടും ബയോപ്സിയെടുക്കാമെന്ന് പറഞ്ഞു. ബയോപ്സിയെടുക്കണമെന്നറിഞ്ഞപ്പോൾത്തന്നെ വീട്ടിൽ കാര്യം പറഞ്ഞിരുന്നു.

അവരുടെ മുന്നിൽ പേടിയൊന്നും കാണിച്ചില്ല. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. ഡിസംബറിലാണ് സംശയം തുടങ്ങുന്നത്. ജനുവരിയായപ്പോൾ തീരുമാനമായി. ഫെബ്രുവരിയിൽ സർജറി. തൈറോയിഡ് വലിയ ഓർഗൻ അല്ലാത്തതുകൊണ്ട് ഫുള്ളായി റിമൂവാക്കാൻ പറ്റും. അങ്ങനെ ചെയ്തു. ആ സർജറി കഴിഞ്ഞപ്പോൾ സൗണ്ട് മുഴുവൻ പോയി. ആറ് മാസമെടുക്കും ശരിയാകാൻ എന്ന് പറഞ്ഞു. ഇടത്തേ കൈ പൊങ്ങത്തില്ലായിരുന്നു. ഫിസിയോ ചെയ്തു. സൗണ്ടിന് തെറാപ്പിയുണ്ടായിരുന്നു

അതുകഴിഞ്ഞൊരു പോരാട്ടം തന്നെയായിരുന്നു. ഡിവോഴ്സിന്റെ സമയത്തുണ്ടായിരുന്നു ട്രോമയിൽ നിന്ന് പുറത്തുവരാൻ സമയമെടുത്തിരുന്നു. കൗൺസിലിംഗൊക്കെ ചെയ്താണ് ശരിയായത്. കരയാനും ഉറങ്ങാനുമൊന്നും പറ്റില്ലായിരുന്നു. എല്ലാത്തിനും പേടിയായിരുന്നു. എന്തോ എന്നെ കൺട്രോൾ ചെയ്യുന്നപോലൊക്കെ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. സർജറി ചെയ്ത സമയം ഏഴെട്ട് ദിവസം ആശുപത്രിയിൽ കിടന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ ആദ്യ റിവ്യൂ.

എന്റെ ലൈഫിൽ നടന്ന ഏറ്റവും വലിയ വിഷമം ശബ്ദം പോയ ആ സമയമായിരുന്നു. കൈയൊക്കെ ശരിയായി. ഇനി തോൽക്കണ്ട, അസുഖം മാറണം, എന്നെ നോക്കാൻ ആരുമില്ല, എനിക്ക് ഞാൻ മാത്രമേയുള്ളൂവെന്ന തിരിച്ചറിവുണ്ടായി. ഈ ചിന്ത ജീവിക്കണമെന്ന വാശിയുണ്ടാക്കി. കാൻസർ തിരിച്ചറിഞ്ഞ രണ്ട് ദിവസം ഞാൻ ജീവിച്ചിട്ടില്ല.

മൂന്നാമത്തെ ദിവസം മുകളിലത്തെ മുറിയിലിരുന്ന് ഞാൻ ആലോചിച്ചു, ഇന്ന് മരിച്ചിട്ടില്ല, ഇന്നൊരു ദിവസമുണ്ടല്ലോ, മരിക്കുമ്പോൾ മരിച്ചാൽ മതി, അതുവരെ ജീവിക്കണമെന്ന്. പിന്നെ എനിക്ക് വാശിയായിരുന്നു. ആറ് മാസം കഴിഞ്ഞ് റിവ്യൂന് പോയി, സ്കൂളിൽ നിന്ന് റിപ്പോർട്ടൊക്കെ തരുന്നതുപോലെ ഡോക്ടർ റിപ്പോർട്ട് എടുത്ത് കൺഗ്രാജുലേഷൻ താങ്കളെ ക്യാൻസർ വിട്ടുപോയെന്ന് പറഞ്ഞു. ഇനി ആറ് മാസം കൂടുമ്പോൾ റിവ്യൂന് പോണം.’- ജുവൽ മേരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button