മഞ്ജുവിനു പിന്നാലെ അതിജീവിതയ്ക്കൊപ്പം പൃഥ്വിയും സുപ്രിയയും അഹാനയും

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധി പുറത്തുവന്ന നിമിഷം സിനിമയിലെ സൗഹൃദവലയം ഒറ്റക്കെട്ടായി അതിജീവിതയ്ക്ക് വേണ്ടി അണിനിരന്നു. നീതിയുടെ വെളിച്ചം പൂർണമായും എത്തേണ്ടതുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് നടി മഞ്ജു വാരിയർ വിചാരണക്കോടതിക്കെതിരെ ശക്തമായ വിമർശനം ഉയർത്തി. ഇതിന് പിന്നാലെ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, സുപ്രിയ മേനോൻ, ജുവൽ മേരി ഉൾപ്പെടെയുള്ള വനിതാ ചലച്ചിത്ര പ്രവർത്തകരുടെ നിര അതിജീവിതയുടെ പോരാട്ടത്തിന് കരുത്തും പ്രത്യാശയും നൽകി.
നടിമാരുടെ ഐക്യദാർഢ്യത്തിന്റെ തിരമാലകൾക്കൊപ്പം നടൻ പൃഥ്വിരാജ് സുകുമാരനും അതിജീവിതയുടെ പോസ്റ്റ് ഷെയർ ചെയ്ത് പിന്തുണ അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ വിധിയോട് ആദരവുണ്ടെങ്കിലും നീതി പൂർണമായി നടപ്പായിട്ടില്ലെന്നാണ് മഞ്ജു വാരിയർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കേവലം കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ, ഇതിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന പുറത്ത് വരണമെന്ന് മഞ്ജു ആവശ്യപ്പെട്ടു.
‘‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണ്ണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.
പോലീസിലും നിയമസംവിധാനത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കണമെങ്കിൽ ഈ ഗൂഢാലോചന കൂടി പുറത്തുവരണം. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം,’’എന്ന് മഞ്ജു വാരിയർ കുറിച്ചു.
മഞ്ജു വാരിയരെ കൂടാതെ നടൻ പൃഥ്വിരാജ് സുകുമാരനും അതിജീവിതയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതിജീവിത പങ്കുവച്ച കുറിപ്പ് പൃഥ്വിരാജ് സുകുമാരൻ തന്റെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. വനിതാ ചലച്ചിത്ര പ്രവർത്തകരിൽ നടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസർ സുപ്രിയ മേനോൻ, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, ജുവൽ മേരി തുടങ്ങിയവർ അതിജീവിതയുടെ വാക്കുകൾ ഏറ്റെടുത്ത് ഐക്യദാർഢ്യം അറിയിച്ചു.
എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ നീണ്ട ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താൻ കാണുന്നുവെന്നായിരുന്നു കോടതി വിധിയോടുള്ള അതിജീവിതയുടെ പ്രതികരണം. ‘‘പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു,’’ എന്നും നടി കുറിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അതിജീവിതയ്ക്ക് കേരള സമൂഹം ഒന്നടങ്കം പിന്തുണ നൽകുന്നതിനിടയിലാണ് പ്രമുഖ ചലച്ചിത്ര താരങ്ങൾ കൂടി ശക്തമായ നിലപാട് എടുത്തിരിക്കുന്നത്.



