വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും എൻഗേജ്മെന്റ് കഴിഞ്ഞു

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തത്. പിന്നാലെ ഗീതാ ഗേവിന്ദമടക്കമുള്ള സിനിമകളിലും ഇരുവരും ഒന്നിച്ചെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണൽ ക്രഷായി മാറിയ രശ്മിയും വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് സാധൂകരിക്കാൻ വേണ്ടി ഫോട്ടോകളിൽ അടക്കം നെറ്റിസൺസ് തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ ഇതുവരെ തയ്യാറായിട്ടുമില്ല.
ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹം നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത് ഔദ്യോഗികമല്ല. ഒക്ടോബർ 3ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് താരങ്ങളുടെ നിശ്ചയം നടന്നതെന്നും നടന്റെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകളെന്നും പറയപ്പെടുന്നു. റിപ്പോർട്ട് പ്രകാരം ആണെങ്കിൽ അടുത്ത മൂന്ന്, നാല് മാസത്തിനുള്ളിൽ വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹം ഉണ്ടാകും. നിശ്ചയത്തിന്റേതെന്ന പേരിൽ ഏതാനും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. ‘ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ’ എന്നൊക്കെയാണ് ഇവരുടെ ചോദ്യങ്ങൾ.
അതേസമയം, കുബേര എന്ന ചിത്രമാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ധനുഷ് നായകനായി എത്തിയ ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നാഗ ചൈതന്യയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കിംഗ്ഡം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗൗതം ടിന്നനൂരി രചനയും സംവിധാനവും നിർവഹിച്ച ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ വിജയ് ദേവരകൊണ്ട, സത്യദേവ്, ഭാഗ്യശ്രീ ബോർസ് എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര റിവ്യു ലഭിച്ച ചിത്രം 2025 ജൂലൈ 31നാണ് തിയറ്ററുകളിൽ എത്തിയത്.