Cinema

‘പുഷ്‍പ 2’ ലെ ഗാനരംഗത്തേക്കാള്‍ കുറവ് പ്രതിഫലം? ബോളിവുഡ് അരങ്ങേറ്റത്തിന് പ്രതിഫലം കുറച്ച് ശ്രീലീല

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് എന്ത് നടക്കുന്നുവെന്ന് മുന്‍പത്തേക്കാള്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ട് ഇന്ന് ബോളിവുഡ് ലോകം. ഉത്തരേന്ത്യന്‍ പ്രേക്ഷകരും അങ്ങനെതന്നെ. തെന്നിന്ത്യയിലെ ശ്രദ്ധേയ സിനിമകളിലെ താരങ്ങളെയും സംവിധായകരെയുമൊക്കെ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഇന്നറിയാം. ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് വിജയത്തിനും റീച്ചിനുമൊക്കെയായി തെന്നിന്ത്യന്‍ ചിത്രങ്ങളിലെ വേഷങ്ങള്‍ സ്വീകരിക്കാറുണ്ട്. തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡിലെത്തി വിജയം നേടുന്നുമുണ്ട്. ഇപ്പോഴിതാ നായികാ നിരയിലേക്ക് ഒരു തെന്നിന്ത്യന്‍ താരം കൂടി ബോളിവുഡിലേക്ക് എത്തുകയാണ്. നൃത്തച്ചുവടുകളിലൂടെ എപ്പോഴും വിസ്മയിപ്പിക്കാറുള്ള തെലുങ്ക് താരം ശ്രീലീലയാണ് അത്. 

കാര്‍‍ത്തിക് ആര്യന്‍ നായകനാവുന്ന ആഷിഖി 3 ലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീലീല. തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി തന്‍റെ പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ് ശ്രീലീല. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2 കോടിയോളമാണ് ആഷിഖി 3 ല്‍ ശ്രീലീല വാങ്ങുന്ന പ്രതിഫലം. ഈ വര്‍ഷമെത്തിയ തെലുങ്ക് ചിത്രം റോബിന്‍ഹുഡിലെ നായികാ വേഷത്തിന് ശ്രീലീല വാങ്ങിയത് 3 കോടി ആയിരുന്നെന്നും അതേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ആഘോഷിച്ച പുഷ്പ 2 ലെ കിസ്സിക് എന്ന ഗാനരംഗത്തിലെ ശ്രീലീലയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്താനും ശ്രീലീലയ്ക്ക് ഇത് ഗുണം ചെയ്തു. എന്നാല്‍ ഈ ഗാനരംഗത്തില്‍ മാത്രം അഭിനയിക്കാന്‍ ശ്രീലീല 2-3 കോടി വാങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചെറിയ കാലം കൊണ്ട് കരിയറില്‍ വലിയ വളര്‍ച്ച ഉണ്ടാക്കിയ താരമാണ് ശ്രീലീല. 2019 ല്‍ പുറത്തെത്തിയ കന്നഡ ചിത്രം കിസിലൂടെ അരങ്ങേറിയ ശ്രീലീല തെലുങ്കില്‍ പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. രവി തേജയുടെ ധമാക്ക, നന്ദമൂരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി, മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരം അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു. വലിയ വിജയം നേടിയ ഭഗവന്ത് കേസരിയില്‍ ശ്രീലീല വാങ്ങിയത് 1.5 കോടി ആണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെയാണ് ശ്രീലീല 3 കോടിയായി പ്രതിഫലം ഉയര്‍ത്തിയത്. അതാണ് ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനുവേണ്ടി ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button