ഇടവേളകൾക്ക് ശേഷം മമ്മൂട്ടി മലയാള സിനിമയിൽ സജീവമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന്; നടൻ രമേഷ് പിഷാരടി

ഇടവേളകൾക്ക് ശേഷം മമ്മൂട്ടി മലയാള സിനിമയിൽ സജീവമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് നടൻ രമേഷ് പിഷാരടി. മഹേഷ് നാരായണൻ ചിത്രത്തിൽ ഹൈദരാബാദ് ഷെഡ്യൂളിൽ ഒക്ടോബർ ഒന്നാം തീയതി അദ്ദേഹം ജോയിൻ ചെയ്യുമെന്നും കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ലൊക്കേഷനിൽ എത്തുന്നതെന്നും രമേഷ് പിഷാരടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സോഷ്യൽ മീഡിയയിൽ മമ്മൂക്ക വരുന്നു, അദ്ദേഹത്തിന്റെ ചിത്രങ്ങളാണിത് എന്നൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ അതൊന്നും സത്യമല്ല. ആരൊക്കെയോ ഉണ്ടാക്കിവിടുന്ന ചിത്രങ്ങളാണ്. യഥാർത്ഥത്തിൽ അദ്ദേഹം ഒന്നാം തീയതി ഹൈദരാബാദിൽ ജോയിൻ ചെയ്യും. എന്റെ അറിവ് ശരിയാണെങ്കിൽ അവിടെ നിന്ന് യുകെയിലേക്കുള്ള ഷെഡ്യൂളിലേക്കും അദ്ദേഹം പോകും. അത് കഴിഞ്ഞിട്ടായിരിക്കും കേരളത്തിലേക്ക് തിരിച്ചുവരിക എന്നാണ് കരുതുന്നത്.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് വലിയ സന്തോഷമുള്ള കാര്യമാണ്’- രമേഷ് പിഷാരടി പറഞ്ഞു.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒക്‌ടോബർ ഒന്ന് മുതൽ 15 വരെയാണ് ഹൈദരാബാദിലെ ഷൂട്ടിംഗ്. ശേഷം ലണ്ടനിലാണ് ഷൂട്ടിംഗ്. പിന്നീട് കൊച്ചിയിൽ തിരിച്ചെത്തും. അവിടെ മോഹൻലാലിനൊപ്പമാകും മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള വൻ താരനിര തന്നെ ‘പാട്രിയോട്ടിൽ’ അണിനിരക്കുന്നുണ്ട്.