‘ശ്രീദേവിയുടെ ആദ്യ മലയാള നായകൻ, സുധീർ പ്രമുഖ നടിയുമായി അടുപ്പത്തിലായി; ഒടുവിൽ സംഭവിച്ചത്’

എഴുപതുകളിൽ മലയാളത്തിലെ തിരക്കേറിയ നടൻമാരിലൊരാളായിരുന്നു സുധീർ. പ്രേംനസീറിന്റെ അനുജനായി സിനിമയിലെത്തി നായകനായും പ്രതിനായകനായും അദ്ദേഹം തിരക്കേറിയ നടനായി മാറി. സുധീറിന്റെയും പഴയകാല നടി ഖദീജയുടെയും പ്രണയവും തുടർന്നുള്ള ജീവിതവും സിനിമാലോകത്ത് ചർച്ചയായതാണ്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് സുധീറിന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.
‘ഇന്നത്തെ ഫഹദ് ഫാസിലിനെപോലെ അന്ന് യുവാക്കളുടെ ഹരമായിരുന്നു സുധീറും. കൂടുതലാളുകളും പ്രേംനസീറിന്റെയും സത്യന്റെയും ആരാധകരായിരുന്നു. എന്നാൽ സുധീറിനെ കൂടുതലും ആരാധിച്ചിരുന്നത് പെൺകുട്ടികളായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴാണ് സുധീറിന് സിനിമാമോഹം തലയ്ക്ക് പിടിച്ചത്. വിൻസന്റ് മാസ്റ്ററുടെ നിഴലാട്ടമെന്ന ചിത്രത്തിലൂടെയാണ് സുധീർ കൂടുതൽ ശ്രദ്ധേയനായത്.
ചിത്രത്തിൽ പ്രേംനസീർ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് പല വേഷങ്ങളിലൂടെ സുധീർ മലയാള സിനിമയിൽ സജീവമായി.ഇന്ത്യൻ സിനിമയിലെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായ അന്തരിച്ച നടി ശ്രീദേവിയുടെ മലയാളത്തിലെ ആദ്യ നായകൻ സുധീറായിരുന്നുവെന്ന് അധികം ആർക്കും അറിയില്ല. തുലാവർഷത്തിലാണ് അവർ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സുധീറിന്റെ ജീവിതവും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ പ്രമുഖ നടി ഖദീജയുടെ ജീവിതവും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്.
കലാമണ്ഡലത്തിൽ നിന്ന് നൃത്തം പഠിച്ചിറങ്ങിയ ആദ്യ മുസ്ലീം യുവതിയാണ് ഖദീജ. ഒരുപാട് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും ചെയ്തിട്ടുണ്ട്. അന്ന് അവരെ രാശിയുള്ള നടിയായി നിർമാതാക്കളും സംവിധായകരും വിശേഷിപ്പിച്ചു.ജഗതിശ്രീകുമാറിന്റെ ആദ്യ വിവാഹം കഴിഞ്ഞപ്പോൾ രണ്ടുപേരും അഭയം തേടിയെത്തിയത് ഖദീജയുടെ അടുത്തേക്കാണ്. ഖദീജയുടെ അടുത്ത സുഹൃത്തായിരുന്നു സുധീർ.
അവർ തമ്മിലുള്ള സൗഹൃദം ലിവിംഗ് ടുഗെദറായി മാറുകയായിരുന്നു. ഇത് സിനിമാകാർക്കിടയിലെ പരസ്യമായ രഹസ്യമായിരുന്നു. അന്ന് ആരും അവരോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. സുധീറിന് ഖദീജയെ ഭയമായിരുന്നുവെന്ന് എന്നോട് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. കാലക്രമേണ സുധീറിന് സിനിമയിൽ അവസരവും കുറഞ്ഞു. തുടർന്ന് ഖദീജ ക്രിസ്തീയ വിശ്വാസത്തിലേർപ്പെടുകയും സുധീറുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇത് സുധീറിൽ കടുത്ത മാനസിക സംഘർഷമുണ്ടാക്കി’- ആലപ്പി അഷ്റഫ് പറഞ്ഞു.



