News

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സിദ്ധാർത്ഥിനെ പിന്തുണച്ച ജിഷിൻ മോഹനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ജിഷിൻ മോഹനെതിരെ രൂക്ഷവിമർശനം. സിദ്ധാർത്ഥ് ഓടിച്ച വാഹനമിടിച്ച് ഗുരുതര പരിക്കേ​റ്റ വയോധികൻ ഇന്നലെ രാത്രി മരിച്ചതിനുപിന്നാലെയാണ് ജിഷിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനം ഉയരുന്നത്. ഡിസംബർ 24ന് രാത്രി അപകടം സംഭവിച്ചതോടെ സിദ്ധാർത്ഥിനെ നാട്ടുകാർ മർദ്ദിച്ചതിനെതിരെ ജിഷിൻ ഫേസ്ബുക്കിൽ പോസ്​റ്റിട്ടിരുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കില്ലെന്നും നാട്ടുകാർ ചെയ്ത പ്രവർത്തി ഭീകരമായി തോന്നിയെന്നുമാണ് ജിഷിൻ അന്ന് പ്രതികരിച്ചത്. ഇതാണോ പ്രബുദ്ധ കേരളമെന്നും അന്ന് ജിഷിൻ വീഡിയോയിലൂടെ ചോദിച്ചിരുന്നു. ഈ വീഡിയോക്കെതിരെയാണ് സോഷ്യൽമീഡിയയിൽ തെറിവിളിയുൾപ്പടെയുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

പ്രബുദ്ധ കേരളത്തിൽ ഒരു ചൊല്ല് ഉണ്ടല്ലോ കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്, ഇതുപോലുള്ള പരിപാടി ഇനിയും കാണിച്ചാൽ ഇനിയും ഇടിക്കും അതിന് പ്രബുദ്ധ കേരളമെന്ന് പറഞ്ഞാലും കുഴപ്പമില്ല, നീ കൊടുക്കുമോ മരിച്ചയാളുടെ വീട്ടുകാർക്ക് നഷ്ടപരിഹാരം, ഇനി എന്താണ് പറയാനുള്ളത് എന്നീരീതിയിലും വിമർശനങ്ങളുയരുന്നുണ്ട്. അതുപോലെ നിയമം ആരും കൈയിലെടുക്കരുതെന്നും ആൾക്കൂട്ട വിചാരണ നല്ലതല്ലെന്ന രീതിയിൽ ജിഷിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലർ നടത്തിയിട്ടുണ്ട്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് അപകടം നടന്നത്. മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ തങ്കരാജിനെ ഇടിക്കുകയായിരുന്നു. തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്താണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തങ്കരാജ് റോഡിലേക്ക് വീണു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥുമായി വാക്കുതർക്കമുണ്ടായി. നടൻ നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. പിന്നാലെ ചിങ്ങവനം പൊലീസെത്തി നടനെ കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button