‘ശോഭനയേക്കാൾ പ്രതിഫലം ചോദിച്ചു, മണിച്ചിത്രത്താഴിൽ ശ്രീദേവിയാകേണ്ടിയിരുന്നത് പ്രമുഖ നടി; ഒടുവിൽ ലാൽ ഇടപെട്ടു’

മലയാളിപ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിയാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നത്. മണിച്ചിത്രത്താഴിൽ ശ്രീദേവിയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് നടി വിനയ പ്രസാദാണ്. ചിത്രത്തിൽ വിനയപ്രസാദിന്റെ സാന്നിദ്ധ്യം ചെറുതാണെങ്കിലും പ്രേക്ഷകർ ഇന്നും ഓർക്കുകയാണ്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് വിനയ പ്രസാദിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന കഥാപാത്രത്തിന് ആദ്യം സമീപിച്ചത് സിത്താരയെന്ന നടിയെയായിരുന്നു. എന്നാൽ സിത്താര ചോദിച്ചത് നായികയായ ശോഭന വാങ്ങുന്ന പ്രതിഫലത്തിനേക്കാൾ കൂടുതലായിരുന്നു. അതുകൊണ്ടാണ് സിത്താരയെ മണിചിത്രത്താഴിൽ നിന്ന് ഒഴിവാക്കിയത്. ആ സമയത്ത് മോഹൻലാൽ ഇടപെട്ടാണ് ചിത്രത്തിലേക്ക് വിനയ പ്രസാദിനെ ശുപാർശ ചെയ്തത്. മോഹൻലാലിന്റെ ജോഡിയായിരുന്നു അവർ.
അഭിനയത്തിലെത്തുന്നതിന് മുൻപ് വിനയ പ്രസാദ് ഒരു ശബ്ദകലാകാരിയായിരുന്നു. പിന്നീടാണ് അവർ മലയാളം സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. സ്ത്രീയെന്ന ഒറ്റ സീരിയലിലൂടെ തന്നെ അവർ അറിയപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. പെരുന്തച്ഛൻ എന്ന മലയാള ചിത്രത്തിലാണ് അവർ ആദ്യമായി അഭിനയിച്ചത്. മണിച്ചിത്രത്താഴിൽ അഭിനയിക്കുന്ന സമയത്ത് തനിക്കാരെയും പരിചയമില്ലായിരുന്നുവെന്നും ശോഭനയാണ് സഹായിച്ചതെന്നും വിനയ പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വിനയ പ്രസാദിന്റെ കുടുംബജീവിതം ഏറെ സങ്കടം നിറഞ്ഞതായിരുന്നു.വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. ആ സംഭവത്തിൽ അവർ തളർന്നിരുന്നില്ല. ഭർത്താവ് മരിച്ച് അഞ്ചാം ദിവസം തന്നെ അവർ അഭിനയത്തിൽ സജീവമായി. അത് നിറയെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും അവർ തളർന്നില്ല. പിന്നീടാണ് ജ്യോതിപ്രകാശെന്നയാളെ വിവാഹം കഴിച്ചു’- ആലപ്പി അഷ്റഫ് പറഞ്ഞു.



