News

ചർച്ചയായി ഷാരൂഖാന്റെ ആഡംബര വാച്ച്; വില 13 കോടി

റിയാദ്‌: സൗദി അറേബ്യയിൽ നടന്ന ജോയ്‌ അവാർഡ്‌സ് 2026ൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ.വേദിയിൽ കറുപ്പ് നിറത്തിലുള്ള താരത്തിന്റെ ഔട്ട്ഫിറ്റിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൈയിൽ കെട്ടിയിരുന്ന അത്യപൂർവ്വമായ ആഡംബര വാച്ചാണ്. കോസ്‌മോഗ്രാഫ് വിഭാഗത്തിൽപ്പെടുന്ന ‘റോളക്സ് കോസ്മോഗ്രാഫ് ഡേറ്റോണ സഫയർ’ വാച്ചാണ് ഷാരൂഖ് ധരിച്ചിരുന്നത്. വാച്ചസ് ആൻഡ് വണ്ടേഴ്‌സ് 2025ൽ അവതരിപ്പിച്ച ഈ വാച്ച് റോളക്‌സിന്റെ വിഐപി ക്ലയന്റുകൾക്ക് മാത്രം നൽകുന്ന അത്യപൂർവ്വ മോഡ‌ലാണ്.

13 കോടിയോളമാണ് ഈ ആഡംബര വാച്ചിന്റെ വില. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമ്മിച്ച 40 മില്ലീമീറ്റർ കേസുള്ള ഈ വാച്ചിൽ 54 ബ്രില്ല്യന്റ് കട്ട് ഡയമണ്ടുകൾ പതിപ്പിച്ചിട്ടുണ്ട്. 36 ബാഗെറ്റ്-കട്ട് നീലക്കല്ലുകൾ കൊണ്ടാണ് ബെസൽ സജ്ജീകരിച്ചിരിക്കുന്നത്. വാച്ചിലെ സിൽവർ ഒബ്സിഡിയൻ ഡയൽ ഒരു മാസ്റ്റർപീസാണ്. ഇത് പ്രകാശ സാഹചര്യങ്ങൾക്കനുസരിച്ച് സൂക്ഷ്മമായി നിറങ്ങൾ മാറ്റുന്നു. അത്യപൂർവ്വമായ ഈ വാച്ചിനെ ഗോസ്‌റ്റ് വാച്ച് എന്നും വിളിക്കാറുണ്ട്.

ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ചുരുക്കം ചില വാച്ചുകൾ മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളു.ഇത് ആദ്യമായല്ല ഷാരൂഖ് ഖാൻ ഈ അത്യാഡംബര വാച്ച് ധരിക്കുന്നത്. ദുബായിൽ നടന്ന ന്യൂയർ ഈവ് ആഘോഷങ്ങൾക്കിടയിലും ഇതേ വാച്ച് ധരിച്ച് ഷാരൂഖാൻ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിലവിൽ ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി സുഹാന ഖാൻ, രാഘവ് ജൂയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ് ഖാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button