ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി’ കഴിയുന്ന ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സഹായവുമായി സൽമാൻ ഖാൻ

ചെക്ക് കേസിൽ കുടുങ്ങി ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി തിഹാർ ജയിലിൽ കഴിയുന്ന ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സഹായവുമായി പ്രമുഖ താരങ്ങൾ. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, സോനു സൂദ് തുടങ്ങിയ പ്രമുഖ നടന്മാർ അദ്ദേഹത്തിന് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തതായി നടന്റെ മാനേജർ ഗോൾഡി സ്ഥിരീകരിച്ചു. ആറ് മാസത്തെ തടവുശിക്ഷ അനുഭവിക്കുന്ന താരത്തിന് നിരവധി സുഹൃത്തുക്കളും നിർമ്മാതാക്കളും ഇതിനോടകം സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.
രാജ്പാൽ യാദവിന് ഒരു പ്രതിസന്ധിഘട്ടം വന്നപ്പോൾ സിനിമാരംഗം ഒന്നടങ്കം ഉറച്ച പിന്തുണനൽകിയെന്ന് ഗോൾഡി പറഞ്ഞു. അത് അഭിനന്ദിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നവയല്ല. സോനു സൂദ്, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ തുടങ്ങിയ നടന്മാരും സംവിധായകൻ ഡേവിഡ് ധവാനും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളെ കൂടാതെ ജെം ട്യൂൺസ് മ്യൂസിക് ഉടമയും സംഗീത നിർമ്മാതാവുമായ റാവു ഇന്ദർജീത് സിംഗ് യാദവ് 1.1 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗായകൻ ഗുരു രൺധാവയും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ വലിയ പിന്തുണയെ രാജ്പാൽ യാദവ് ഏറെ വിലമതിക്കുന്നതായും മാനേജർ അറിയിച്ചു. നേരത്തെ, ഗുർമീത് ചൗധരി, ജൻ ശക്തി ജനതാദൾ ദേശീയ അധ്യക്ഷൻ തേജ പ്രതാപ് യാദവ് എന്നിവർ നടന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
നടൻ കമാൽ ആർ. ഖാൻ പത്തുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ’ (Ata Pata Laapata) എന്ന ചിത്രം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമായുള്ള മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യാദവ് 5 കോടി രൂപ വായ്പ എടുത്തത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. നടൻ നൽകിയ ഏഴ് ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന്, 2018 ഏപ്രിലിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 138 പ്രകാരം അദ്ദേഹത്തേയും ഭാര്യ രാധയെയും കോടതി ശിക്ഷിച്ചു.
നിയമനടപടികൾ നീണ്ടുപോയതോടെ മൊത്തം കടബാധ്യത ഏകദേശം 9 കോടി രൂപയായി ഉയർന്നു. കടം തീർക്കാൻ സമയം അനുവദിച്ചുകൊണ്ട് 2024 ജൂണിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ആറ് മാസത്തെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, കോടതി നൽകിയ സമയപരിധികൾ പാലിക്കുന്നതിലും നൽകിയ ഉറപ്പുകൾ നിറവേറ്റുന്നതിലും രാജ്പാൽ യാദവ് ആവർത്തിച്ച് പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ഗൗരവമില്ലെന്ന് നിരീക്ഷിച്ച കോടതി, വാഗ്ദാനങ്ങൾ ലംഘിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി. 2026 ഫെബ്രുവരി ആദ്യമാണ് നടനോട് കീഴടങ്ങാൻ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ ഉത്തരവിട്ടത്.
യാദവ് മുൻപ് നൽകിയ ഏകദേശം 20-ഓളം ഉറപ്പുകൾ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പണം കണ്ടെത്താൻ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ അപേക്ഷ കോടതി നിരസിച്ചു. നിയമം പാലിക്കുന്നവർക്കാണ് നിയമത്തിന്റെ പരിഗണന ലഭിക്കുകയെന്നും സെലിബ്രിറ്റി പദവി നിയമനടപടികളിൽ നിന്ന് ആർക്കും ഇളവ് നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനൊടുവിലാണ് 2026 ഫെബ്രുവരി 5-ന് വൈകുന്നേരം 4 മണിക്ക് രാജ്പാൽ യാദവ് ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്.



