വരുന്നത് ഒന്നൊന്നര ഐറ്റം; ആട് 3യുടെ ഴോണർ വെളിപ്പെടുത്തി സൈജു കുറുപ്പ്

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. മൂന്നാം ഭാഗം സോംബി ഴോണറിൽ ആണ് ഒരുങ്ങുന്നതെന്നും അതല്ല ടൈം ട്രാവൽ ആണ് സിനിമയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഴോണറിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ സൈജു കുറുപ്പ്.
ടൈം ട്രാവൽ ഴോണറിലാണ് ആട് 3 ഒരുങ്ങുന്നതെന്നും രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നും സൈജു കുറുപ്പ് പറഞ്ഞു. ‘വളരെ രസകരമായ സിനിമയായിരിക്കും മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളും ആളുകൾ കണ്ട് വളരെയധികം രസിച്ചു. മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കും. ആളുകളുടെ പ്രതീക്ഷയ്‌ക്കും മുകളിൽ സിനിമ വരുമെന്നാണ് പ്രതീക്ഷ’, സൈജു കുറുപ്പ് പറഞ്ഞു. വലിയ കാൻവാസിൽ നല്ല ബജറ്റിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും ആട് ഒന്നും രണ്ടും ചേർത്താൽ എത്ര ബജറ്റ് ആകുമോ അതിനേക്കാൾ കൂടുതൽ ആണ് മൂന്നാം ഭാഗത്തിന്റെ ബജറ്റെന്നും സൈജു കൂട്ടിച്ചേർത്തു
മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.