Cinema

‘ഋഷഭ് ഷെട്ടി എന്റെ ആരാധകനാണെന്ന് പറഞ്ഞു…’; ‘കാന്താര’ വിജയത്തിൽ പ്രതികരണവുമായി ജയറാം

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം മികച്ച വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തിൽ സിനിമ കണ്ടിട്ട് മമ്മൂട്ടി അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നുവെന്നും 1000 കോടി സിനിമയുടെ ഭാഗമാവാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനമെന്നും ജയറാം പറയുന്നു.

“ഒരുപാട് സന്തോഷം. ഒരു മിനിറ്റ് മുൻപ് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് ഞാൻ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരിക്കുന്നു. കാന്താരയിൽ എക്സലന്റ് ആയിരുന്നുവെന്നും മമ്മൂക്ക പറഞ്ഞു. ഇതൊരു ബെഞ്ച്മാർക്കാണ്, കെജിഎഫ് എന്നൊക്കെ പറയുന്നതു പോലെ.

1000 കോടി സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനം, സന്തോഷം. എന്നോടുള്ള സ്നേഹം കൊണ്ട് മലയാളികൾ പറയാറുണ്ട്, അന്യഭാഷകളിൽ പോയിട്ട് ചെറിയ വേഷങ്ങൾ ചെയ്യുന്നു എന്നൊക്കെ. വലിയ സിനിമയുടെ ഭാ​ഗമാകുമ്പോൾ അതിന്റെ ഫൈനൽ ഔട്ട്പുട്ട് വരുമ്പോൾ നമ്മുടെ വേഷം ചെറുതായി പോകുന്നതാണ്, ചെയ്യുന്ന വേഷമൊക്കെ മുഴുനീള കഥാപാത്രം തന്നെയാണ്.

കാന്താരയെ സംബന്ധിച്ചിടത്തോളം അങ്ങനെയുണ്ടായില്ല. വളരെ ഹോംവർക്ക് ചെയ്തെടുത്ത ഒരു സിനിമയാണ് കാന്താര. മൂന്ന് വർഷത്തെ അവരുടെ കഷ്ടപ്പാട് എന്ന് പറയുന്നത് കണ്ടു പഠിക്കേണ്ട ഒന്നാണ്. ഋഷഭ് ഷെട്ടിയാണ് എന്നെ വിളിച്ചത്. ഞാൻ അപ്പോൾ തന്നെ കാന്താര ഒന്നാം ഭാഗം കണ്ട കാര്യം പറഞ്ഞു. അദ്ദേഹവും എന്റെയൊരു ആരാധകനാണെന്ന് പറഞ്ഞു.

അതുപോലെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് ഇത്രയും വലിയ കാരക്ടർ ആണ് എനിക്ക് തരാൻ പോകുന്നതെന്ന് എനിക്ക് മനസിലായത്. എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെന്നും ഞാൻ ചോദിച്ചു. അപ്പോഴാണ് ഈ കഥാപാത്രത്തിന്റെ ഒരു യാത്രയെക്കുറിച്ച് എന്നോട് പറഞ്ഞത്.

കുട്ടിക്കാലം മുതലുള്ള ആ കഥാപാത്രത്തിന്റെ ഒരു വേരിയേഷനും അവസാനം പടം തീരുമ്പോൾ ഇയാൾ എന്തായിട്ട് മാറുന്നു എന്നുള്ളതാണ് സം​ഗതി. അത്തരമൊരു മാറ്റമുള്ളതു കൊണ്ടാണ് എന്നെ സിനിമയിലേക്ക് പരി​ഗണിച്ചതെന്ന് ഋഷഭ് പറഞ്ഞു”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button