നിങ്ങളുടെ പേരെന്താണ്?’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു ‘മമ്മൂട്ടി

മകൾ ഹോപ്പ് മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മകളോടൊപ്പം മമ്മൂട്ടിയെ കണ്ട നിമിഷത്തെ കുറിച്ച് ബേസിൽ കുറിച്ചത്.തന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അതെന്നും, മകളുടെ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ ലളിതമായ മറുപടി ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞുവെന്നും ബേസിൽ കുറിച്ചു.
“ഒരു ഇതിഹാസത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. എന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അത്. എന്റെ മകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ചോദിച്ചു: “നിങ്ങളുടെ പേരെന്താണ്?” അദ്ദേഹം പുഞ്ചിരിയോടെ ‘മമ്മൂട്ടി’ എന്ന് മറുപടി പറഞ്ഞു. ആ ലളിതമായ മറുപടി ഞങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞു.
അദ്ദേഹം തന്റെ ക്യാമറ എടുത്ത് ഞങ്ങളുമായി ഒരുപാട് ഫോട്ടോയെടുത്തു. ഹോപ്പും മമ്മൂക്കയും ഒരുപാട് സെൽഫികളുമെടുത്തു. സ്നേഹത്തോടെ, ഒരു അടുത്ത സൃഹുത്തിനെ പോലെ അത്രയും നേരം അദ്ദേഹം ഞങ്ങളുടെ ഒപ്പമിരുന്നു. അത്തരമൊരു പൂർണ്ണതയും, സൗമ്യതയും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. മമ്മൂക്ക, ഈ സ്നേഹത്തിനും സമയം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിനും ഹൃദയത്തിൽ നിന്ന് നന്ദി. ഈ വൈകുന്നേരം ഞങ്ങൾ ഒരിക്കലും മറക്കില്ല.” ബേസിൽ ജോസഫ് കുറിച്ചു.