‘നടൻ ഇമ്രാൻ ഖാനുമായുള്ള ബന്ധം ലൗ ജിഹാദ്’; മുഖത്തടിക്കുന്ന മറുപടിയുമായി ലേഖ വാഷിങ്ടൺ

ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഖാനും നടി ലേഖ വാഷിങ്ടണ്ണും തമ്മിലുള്ള ബന്ധത്തെ ‘ലൗ ജിഹാദ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മറുപടിയുമായി ലേഖ തന്നെ രംഗത്ത്. കഴിഞ്ഞ മാസം ഇമ്രാൻ ഖാന്റെ തിരിച്ചുവരവ് ചിത്രമായ ‘ഹാപ്പി പട്ടേൽ: ഖത്തർനാക് ജാസൂസിന്റെ’ പ്രിമിയറിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമായത്. ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ലേഖ ഈ ആരോപണങ്ങളെ തമാശരൂപേണ നേരിട്ടത്. തന്റെയും ഇമ്രാന്റെയും സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടായിരുന്നു ലേഖയുടെ മറുപടി.
വെറുപ്പും വിഭജനവും പ്രചരിപ്പിക്കാൻ തന്റെ വിഡിയോകൾ ഉപയോഗിക്കുന്നത് തന്റെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും, ഇത്തരം പരിഹാസ്യമായ കാര്യങ്ങളെ തമാശരൂപേണ നേരിടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ വ്യക്തമാക്കി ‘ലൗ ജിഹാദ് – ഇത് എനിക്കെതിരെയാണ് നടക്കുന്നത് എന്ന് തോന്നുന്നു. ഞാൻ ഭാഗികമായി ബർമീസ്, ഇറ്റാലിയൻ, പഞ്ചാബി പശ്ചാത്തലമുള്ളവളാണ്.
വളർന്നത് ദക്ഷിണേന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയും ചെയ്തു. എന്റെ അച്ഛൻ റോമൻ കത്തോലിക്കരും അതേസമയം ദൈവത്തിൽ സംശയമുള്ളയാളുമാണ്. എന്നെ ‘ലൗ ജിഹാദ്’ ചെയ്യുന്നത് ആരെയാണെന്ന് നോക്കൂ, അവന്റെ അച്ഛൻ പകുതി ഹിന്ദുവും പകുതി സ്കോട്ടിഷുമാണ്, അമ്മ മുസ്ലിമും. ഇതിലെ വൈരുദ്ധ്യം കാണുമ്പോൾ ‘ശരി, ലൗ ജിഹാദ് ചെയ്തോളൂ’ എന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ. പകരം ഞാൻ പ്രകാശം പരത്തുന്നു.
വൈവിധ്യമാർന്ന സംസ്കാരമുള്ള, ദയയുള്ള, സർഗാത്മകരായ മനുഷ്യർ പരസ്പരം പിന്തുണയ്ക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. എന്നെ ഒരു പ്രശസ്ത നടന്റെ പങ്കാളി എന്ന നിലയിൽ മാത്രം കാണുന്നത് വിചിത്രമായി തോന്നുന്നു. മറ്റുള്ളവർ മോശമായി സംസാരിക്കുന്നത് അവരെക്കുറിച്ചാണ് തെളിയിക്കുന്നത്, നിങ്ങളെക്കുറിച്ചല്ല. ലോകം സ്ത്രീകളെ ആദ്യം വിലയിരുത്തുന്നത് അവരുടെ രൂപം നോക്കിയാണ്. ഞാൻ എപ്പോഴും എന്റെ ഏറ്റവും മികച്ച പതിപ്പായി തുടരും. വിദ്വേഷം പ്രചരിപ്പിക്കുന്നവർ അത് തുടരട്ടെ, സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാം.’’– ലേഖ പറയുന്നു.
ബോളിവുഡ് താരം ഇമ്രാൻ ഖാനും നടിയും കലാകാരിയുമായ ലേഖ വാഷിങ്ടണും 2020 മുതൽ പ്രണയത്തിലാണ്. മുൻഭാര്യ അവന്തിക മാലിക്കുമായി 2019-ൽ വേർപിരിഞ്ഞ ഇമ്രാൻ, ലേഖയുമായുള്ള ബന്ധം തന്റെ ജീവിതത്തിലെ വളർച്ചയ്ക്കും സമാധാനത്തിനും വലിയ കരുത്ത് നൽകുന്നുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു നടന്റെ പങ്കാളി എന്നതിലുപരി, സ്വന്തമായി വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര കലാകാരിയായി അറിയപ്പെടാനാണ് ലേഖ ആഗ്രഹിക്കുന്നത്.
ലേഖ വാഷിടണ്ണിന്റെ കുടുംബ പശ്ചാത്തലം വിവിധ സംസ്കാരങ്ങളുടെയും രാജ്യങ്ങളുടെയും ഒരു സങ്കലനമാണ്. ഭാഗികമായി ബർമീസ്, ഇറ്റാലിയൻ, പഞ്ചാബി വേരുകളുള്ള ലേഖ ദക്ഷിണേന്ത്യയിലാണ് വളർന്നത്. പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറിയ അവർ ഒരു റോമൻ കത്തോലിക്കയായാണ് ജീവിക്കുന്നത്. തന്റെ കുടുംബം വളരെ വിശാലമായ ചിന്താഗതി പുലർത്തുന്നവരാണെന്നും എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും ലേഖ അഭിമാനത്തോടെ പറയാറുണ്ട്.
അതുപോലെ തന്നെ വൈവിധ്യമാർന്ന പശ്ചാത്തലമാണ് നടൻ ഇമ്രാൻ ഖാന്റേതും. ഇമ്രാന്റെ പിതാവ് അനിൽ പാൽ പകുതി ഹിന്ദുവും പകുതി സ്കോട്ടിഷുമാണ്. അദ്ദേഹത്തിന്റെ അമ്മ നുസ്റത്ത് മൻസൂർ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. പ്രശസ്ത സംവിധായകൻ മൻസൂർ ഖാന്റെ സഹോദരിയും ആമിർ ഖാന്റെ ബന്ധുവുമാണ് നുസ്രത് മൻസൂർ



