Cinema

‘ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്,തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ

താൻ പഠിച്ചത് ബ്രാഹ്മണ സ്‌കൂളിലാണെന്നും അവിടെ എല്ലാ വർഷവും രാമായണവും മഹാഭാരതവും പഠിപ്പിച്ചിട്ടുണ്ടെന്നും എ.ആർ റഹ്‌മാൻ. അതുകൊണ്ട് തന്നെ തനിക്ക് അതിലെ കഥകൾ അറിയാമെന്നും ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതിലെ ധാർമികതയും മൂല്യങ്ങളും വിലമതിക്കുന്ന വ്യക്തിയാണ് താനെന്നും എ.ആർ റഹ്മാൻ കൂട്ടിച്ചേർത്തു.

“ഞാൻ ഒരു ബ്രാഹ്മണ സ്‌കൂളിലാണ് പഠിച്ചത്. അവിടെ എല്ലാ വർഷവും രാമായണവും മഹാഭാരതവും പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ആ കഥകൾ അറിയാം. ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്. ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ ഞാൻ ആ ധാർമികതയും മൂല്യങ്ങളും വിലമതിക്കുന്നയാളാണ്. നല്ല കാര്യങ്ങൾ എവിടെ നിന്നും സ്വീകരിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബിയും പറഞ്ഞിട്ടുള്ളത്.” എ.ആർ റഹ്മാൻ പറയുന്നു

“ഭിക്ഷക്കാരനോ രാജാവോ രാഷ്ട്രീയക്കാരനോ ആരുമാവട്ടെ ആരിലെയും നല്ലതിനെ സ്വീകരിക്കാൻ നമ്മൾ തയ്യാറകണം. നല്ല കാര്യങ്ങളെയും മോശംകാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരിക്കണം. അറിവ് എന്നത് ഏറെ വിലപ്പെട്ടതാണ്. അത് എവിടെ നിന്നായാലും നേടണം. ഈ കാരണം കൊണ്ട് ഞാൻ ഇതേ കുറിച്ച് പഠിക്കില്ല, തുറന്ന് പോലും നോക്കില്ല. മറ്റൊരു കാരണം കൊണ്ട് അവരെ കുറിച്ച് അറിയാൻ പോലും ശ്രമിക്കില്ല എന്ന് പറയരുത്. സങ്കുചിതമായ മാനസികാവസ്ഥയിൽ നിന്നും പുറത്തുവരാൻ നമ്മൾ തയ്യാറാകണം. സ്വാർത്ഥത വെടിയാൻ തയ്യാറാകണം. ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമാണ്, രാമായണം ഹിന്ദു പുരാണവും.” എ.ആർ റഹ്മാൻ കൂട്ടിച്ചേർത്തു. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം

അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’യിൽ ഹാൻസ് സിമ്മറോടൊപ്പം സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്‌മാനാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രാമായണ ഒരുങ്ങുന്നത്. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുടെയും വേഷത്തിലെത്തുന്ന ചിത്രത്തിൽ രാവണനായി യാഷും എത്തുന്നുണ്ട്.

കൂടാതെ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വർഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button