കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രാജേഷ് കേശവനെ വെല്ലൂരിലേക്ക് മാറ്റി

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിനെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് വെല്ലൂരിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഓഗസ്റ്റ് 24-ന് ഒരു പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രാജേഷിനെ ലേക് ഷോറില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
47-കാരനായ രാജേഷിനെ ഉടൻതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി, ഒഫ്താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. തുടര്‍ ചികിത്സയ്ക്കായി രാജേഷിനെ ഡിസ്ചാര്‍ജ് ചെയ്ത വിവരം ലേക് ഷോര്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
തുടർ ചികിത്സയ്ക്കായി രാജേഷ് കേശവിനെ എയർ ആംബുലൻസിലാണ് വെല്ലൂരിലേക്ക് മാറ്റിയത്. സ്പെഷലൈസ്ഡ് റീഹാബിലിറ്റേഷന്‍ വേണ്ടിയാണ് അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റിയതെന്നാണ് വിവരം. രാജേഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.