Cinema

വീണ്ടും ഒന്നിച്ച് പ്രിയദർശനും ലിസിയും?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. എന്നാൽ, വിവാഹബന്ധത്തിൽ നിന്നുള്ള ഇരുവരുടെയും വേർപിരിയൽ വലിയ ഞെട്ടലാണ് സിനിമാ ലോകത്തിനു സമ്മാനിച്ചത്. 1990 ൽ വിവാഹിതരായ ഇരുവരും 2016ലാണ് ബന്ധം വേർപെടുത്തിയത്. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിച്ചതായാണ് വിവരം. മിഡ് ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയതുമുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൈകോർത്ത് പിടിച്ചാണ് രണ്ടുപേരും വിവാഹവേദിയിലേക്ക് കയറിയത്. ഇതിനുപിന്നാലെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രം പുറത്തുവന്നതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു.തങ്ങൾ വിവാഹിതരല്ലെന്നും പക്ഷേ കുടുംബം പോലെയാണ് കഴിയുന്നതെന്നുമാണ് ഒരുസ്വകാര്യ മാദ്ധ്യമത്തിന് പ്രിയദർശൻ നൽകിയ പ്രതികരണം.

വിവാഹം എന്നത് കേവലം ഒരു രേഖ മാത്രമാണെന്നും സൗഹൃദത്തിനും പരസ്‌പര സ്‌നേഹത്തിനുമാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നതെന്നുമാണ് പ്രിയദർശന്റെ മറുപടി സൂചിപ്പിക്കുന്നത്. മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർത്ഥുമാണ് മാതാപിതാക്കളെ വീണ്ടും ഒന്നിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. ആറുമാസം മുൻപുതന്നെ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്തിരുന്നതായാണ് വിവരം.

പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകിയതായും നിലവിൽ ഇരുവരും നല്ല സൗഹൃദത്തോടെയും പരസ്‌പര ബഹുമാനത്തോടെയുമാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 25 വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് ഇരുവരും ബന്ധം വേർപെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button