ഗർഭിണിയായ കത്രീനയുടെ സ്വകാര്യ ചിത്രങ്ങൾ വൈറൽ; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആരാധകർ

മുംബയ്: ബോളിവുഡിലെ ശ്രദ്ധേയമായ താരദമ്പദികളാണ് കത്രീന കൈഫും വിക്കി കൗശലും. കഴിഞ്ഞ സെപ‌്തംബറിലാണ് കത്രീന ഗർഭിണിയാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ഒരു ഓൺലൈൻ മാദ്ധ്യമം പുറത്തുവിട്ട കത്രീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ അമ്പരക്കുകയാണ് ആരാധകർ. മുംബയിലെ അപാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിൽക്കുന്ന കത്രീനയുടെ സ്വകാര്യ ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. എന്നാൽ, ഈ ചിത്രം കത്രീനയുടെ അനുവാദമില്ലാതെ എടുത്തതാണെന്നും സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റത്തിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
ഇത് കുറ്റകൃത്യമാണ്, അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോ എടുത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം’. പോസ്‌റ്റിന് താഴെ ആരാധകർ കുറിച്ചു. ചിത്രങ്ങൾ പുറത്തുവിട്ട മാദ്ധ്യമത്തോട് അത് ഡിലീറ്റ് ചെയ്യാനും ക്ഷമ ചോദിക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.2022ൽ ബോളിവുഡിലെ മറ്റൊരു നടിയായ ആലിയ ഭട്ടിന്റെ ചിത്രങ്ങളും ഇത്തരത്തിൽ പാപ്പരാസികൾ പുറത്തുവിട്ടിരുന്നു. അന്ന് ആലിയ തന്റെ മകൾ റാഹയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.
മുംബയിലെ തന്റെ വീടിന്റെ ബാൽക്കണിയിൽ വിശ്രമിച്ചുകൊണ്ടിരുന്ന ആലിയയുടെ ചിത്രങ്ങളാണ് പാപ്പരാസികൾ പുറത്ത് വിട്ടത്. അന്ന് ഇതിനെതിരെ പ്രതികരിച്ച് ആലിയ രംഗത്ത് വരികയും അനുവാദമില്ലാതെ ചിത്രങ്ങൾ എടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.2021 ഒക്‌ടോബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.
പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നില്ലെങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. രാജസ്ഥാനിൽ നടന്ന രാജകീയ വിവാഹത്തിലൂടെയാണ് സ്വകാര്യമായി സൂക്ഷിച്ച ഇരുവരുടെയും പ്രണയം ലോകം അറിയുന്നത്. നിറവയറുമായി ഭർത്താവ് വിക്കി കൗശലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത കത്രീന പങ്കുവച്ചത്.



