Cinema

പവൻ കല്യാണിന്റെ പുതിയ ചിത്രമായ ‘ഒജി’ ക്ക് തിരിച്ചടി

ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ പുതിയ ചിത്രമായ ‘ഒജി’ ക്ക് തിരിച്ചടി. സിനിമയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയ തെലങ്കാന സർക്കാരിന്റെ ഉത്തരവ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. പ്രത്യേക ഷോകൾക്കും പ്രീമിയറുകൾക്കും ഉയർന്ന ടിക്കറ്റ് നിരക്ക് അനുവദിച്ച സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് ബർല മല്ലേഷ് യാദവ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾ 100 രൂപയും മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ 50 രൂപയും വർദ്ധിപ്പിക്കാനാണ് തെലങ്കാന സർക്കാർ അനുമതി നൽകിയത്. ഇത് ചോദ്യം ചെയ്താണ് ഹർജി. തെലുങ്ക് സിനിമാ വ്യവസായത്തിൽ ഉയർന്ന ബജറ്റ് സിനിമകൾക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നത് പതിവാണ്. ഒരു സിനിമയുടെ റിലീസിന്റെ നിർണായകമായ ആദ്യ ദിവസങ്ങളിൽ, പ്രത്യേകിച്ച് ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകൾക്ക് ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാറുണ്ട്.

നിർമ്മാതാക്കൾക്ക് അവരുടെ ഭീമമായ നിർമ്മാണ ചെലവുകൾ വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സുജീത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, പ്രിയങ്ക മോഹൻ, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പവൻ കല്യാൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണിത്. മുംബൈയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ആക്ഷൻ സിനിമയാണെന്നാണ് ട്രെയിലറിലെ സൂചനകൾ. ചിത്രം നാളെ തിയേറ്ററുകളിൽ റിലീസിനെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button