പച്ചക്കള്ളം പറഞ്ഞ കേരള സ്റ്റോറിക്കില്ലാത്ത എന്ത് തടസ്സമാണ് ജനനായകന്?’മൻസൂർ അലി ഖാൻ

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിച്ച നടപടി തമിഴ് സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. സ്വാഭാവികനീതി ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് വിഷയം പുനഃപരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് വിട്ടത്.
ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് നടൻ മൻസൂർ അലി ഖാൻ പ്രതികരിച്ചത്. തന്റെ പുതിയ ചിത്രമായ ‘കറുപ്പ് പൾസറി’ന്റെ പ്രമോഷനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘ദി കേരള സ്റ്റോറി’, ‘ദ കശ്മീർ ഫയൽസ്’ തുടങ്ങിയ വിവാദ സിനിമകൾക്ക് എളുപ്പത്തിൽ അനുമതി നൽകിയ സെൻസർ ബോർഡ്, വിജയ് ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രം തടഞ്ഞുവെക്കുന്നത് സിനിമാ വ്യവസായത്തെയും ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര സമിതിയായി സെൻസർ ബോർഡ് മാറണം. സിനിമാ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന, കലയെ മനസ്സിലാക്കുന്നവരായിരിക്കണം ബോർഡിലുണ്ടാകേണ്ടതെന്നും മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടു. അനാവശ്യമായ രാഷ്ട്രീയ നിയന്ത്രണങ്ങൾ തുടർന്നാൽ സെൻസർ ബോർഡിന്റെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



