പെയ്ഡ് പ്രീമിയർ എട്ട് കോടി കടന്നു; 24 മണിക്കൂറിൽ വിറ്റത് 87,000 ടിക്കറ്റുകൾ

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവെഞ്ച്’ മാർച്ച് 19ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പാണ് ഉണ്ടായത്.
പെയ്ഡ് പ്രീമിയറുകൾ മാത്രം എട്ട് കോടി കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിവിധ ടിക്കറ്റ് പ്ലാറ്റ്ഫോമുകളിലൂടെ 87,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ധുരന്ധർ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന് ട്രേഡ് വെബ്സെെറ്റ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്തു. ഇതിൽ 2.50 കോടി പിവിആർ, ഇനോക്സ്, സിനിപോളിസ് എന്നിവയിൽ നിന്ന് മാത്രം ലഭിച്ചു.
രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും ഇരട്ട അവതാരങ്ങളിൽ എത്തുന്ന ധുരന്ധറിന്റെ രണ്ടാം ഭാഗം ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ധുരന്ധർ ദ റിവഞ്ച് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
ധുരന്ധർ എന്ന മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചത്. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം



