ഓപ്പറേഷൻനും ഖോർ: നടൻ ദുൽഖർ സൽമാന്റെ കാർ വിട്ടുകൊടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ കസ്റ്റംസ് ഉപാധികളോടെ വിട്ടുകാെടുത്തു. ലാൻഡ് റോവർ ഡിഫൻഡർ കാറാണ് വിട്ടുകൊടുത്തത്. തൃശൂർ സ്വദേശി റോബിന്റെ കാറും ഇന്ന് വിട്ടുകൊടുത്തു. ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്ന 43 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ദുൽഖറിന്റെ ഒരുവാഹനം ഉൾപ്പെടെ നാലുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കസ്റ്റംസിന്റെ പക്കലുള്ളത്. ബാക്കിയെല്ലാം വിട്ടുകൊടുത്തു.
വാഹനരേഖകൾക്കൊപ്പം വാഹനവിലയുടെ 20 ശതമാനവും ബാങ്ക് ഗാരന്റിയും ബോണ്ടും സമർപ്പിച്ചാൽ മാത്രമേ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടൂ. ഉടമസ്ഥന് അവ ഉപയോഗിക്കാമെങ്കിലും കസ്റ്റംസ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. ഉടമസ്ഥതയോ രൂപമോ മാറ്റാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്.രണ്ടുഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ മൂന്നുവാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യത്തെ പരിശോധനയിലാണ് ലാൻഡ് റോവർ പിടിച്ചെടുത്തത്. ഈ കാർ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദുൽഖർ കോടതിയെ സമീപിച്ചിരുന്നു.
അപ്പോൾ കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി കസ്റ്റംസിനും നിർദ്ദേശം നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച് ഉപാധികളോടെ വാഹനങ്ങൾ വിട്ടുകൊടുക്കാൻ കസ്റ്റംസ് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണറാണ് വാഹനം വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.നിസാൻ പട്രോൾ മാത്രമാണ് ഇനി ദുൽഖറിന്റേതായി കസ്റ്റംസിന്റെപക്കൽ ശേഷിക്കുന്നത്. മറ്റൊരുകാർകൂടി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അവിടെത്തന്നെ സൂക്ഷിക്കാൻ അനുവദിക്കുകയായിരുന്നു.