ഔദ്യോഗിക പ്രഖ്യാപനം വന്നു; ദീപികയ്ക്ക് പകരം പ്രഭാസ് ചിത്രത്തിൽ പുതിയ നായിക

‘അനിമൽ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്‌പിരിറ്റ്’. പ്രഭാസാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തെ സംബന്ധിച്ച് ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയിൽ നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്നായിരുന്നു അത്. ദീപിക മുന്നോട്ടുവച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് സംവിധായകൻ തന്നെ ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. പുതിയ നായികയെ തേടുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇപ്പോഴിതാ ആ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നടി തൃപ്തി ദിംറി. സന്ദീപ് റെഡ്ഡിയുടെ അനിമലിൽ തൃപ്തി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. തൃപ്തി തന്നെയാണ് സ്‌പിരിറ്റ് സിനിമയുടെ ഭാഗമാകുന്നതിനെ കുറിച്ച് അറിയിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം അറിയിച്ചത്. സംവിധായകനോട് നന്ദിയും അറിയിച്ചിട്ടുണ്ട്.

അതേസമയം, സ്പിരിറ്റ് എന്ന സിനിമയിൽ നിന്ന് നടി ദീപിക പദുകോൺ പിൻമാറിയതിന് കാരണം അല്ലു അർജുൻ – അറ്റ്ലി ചിത്രമാണെന്നാണ് വിവരം. ‘AA22 X A 6’ എന്ന് താത്കാലിമായി പേരിട്ട ചിത്രത്തിൽ അഭിനയിക്കുന്നത്തിനുവേണ്ടി ദീപിക പിൻമാറുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇവന്റ് സിനിമയുടെ ഭാഗമാകാൻ ദീപിക സന്തോഷപൂർവം പിൻമാറി എന്നാണ് വിവരം. കുഞ്ഞിന് ജന്മം നൽകിയശേഷം കുറച്ചുകാലമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ദീപിക തിരിച്ചുവരവ് പ്രതീക്ഷിച്ച ചിത്രമാണ് സ്പിരിറ്റ്.
എന്നാൽ ആസമയത്ത് അറ്റ്ലി ചിത്രം എത്തിയിരുന്നില്ല. സ്പിരിറ്റിൽ 20 കോടിയാണ് ദീപികയ്ക്ക് പ്രതിഫലം എന്നായിരുന്നു സൂചന. ആറുമണിക്കൂർ ജോലി ചെയ്യുമെന്നും ലാഭവിഹിതത്തിൽനിന്ന് ഒരു തുക നൽകണമെന്ന ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ സന്ദീപ് റെഡ്ഡി വാംഗെ തയ്യാറായില്ലെന്നും വാർത്തകൾ പ്രചരിച്ചു. അറ്റ്ലി ചിത്രത്തിൽ അഞ്ചു നായികമാരിൽ ഒരാൾ ദീപികയാണ്. ഒക്ടോബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.